6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

Update: 2022-12-29 00:55 GMT

ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന രാജ്യാന്തര യാത്രക്കാരാണ് 'എയർ സുവിധ' ഫോം പൂരിപ്പിക്കിക്കേണ്ടതും 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാഫലം കരുതേണ്ടതും. അടുത്ത ആഴ്ച മുതൽ നിർബന്ധമാക്കുമെന്നാണ് വിവരം.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പരിശോധന നടത്തിയ 6000 പേരിൽ 39 രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യയിലെ കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്. അടുത്ത 40 ദിവസങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെ ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കെ, കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ഏത് സാഹചര്യത്തിനും തയാറായിരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Similar News