Headlines

അനാഥകുട്ടികൾക്ക് തണലാകാൻ യൂസഫലി; മദർ ഓഫ് ദ നേഷൻ പദ്ധതിയിലേക്ക് 371 കോടി രൂപ നൽകി

യുഎഇയിലെ അനാഥരായ കുട്ടികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹം (ഏകദേശം 371 കോടി രൂപ) സംഭാവന നൽകി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദാബി ഔഖാഫ് ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും അവർക്ക് ശോഭനമായ ഭാവി ഒരുക്കാനും പദ്ധതിയിലൂടെ സാധിക്കും. യുഎഇയിലെ ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ഈ കാരുണ്യ പ്രവർത്തനത്തിന് യൂസഫലിയുടെ വലിയ സാമ്പത്തിക സഹായം കരുത്തേകും.

യുഎഇ പ്രസിഡന്റ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ഇത്തരമൊരു മഹത്തായ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കും കാണിച്ചുതന്ന കാരുണ്യത്തിന്റെ പാതയാണിത്. യുഎഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാഹാത്മ്യം വിളിച്ചോതുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഔഖാഫിന് കീഴിൽ അനാഥരായ കുട്ടികൾക്കായി പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സഹായങ്ങൾ അർഹരായ കുട്ടികളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ കുട്ടികൾക്കും തുല്യമായ അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കി സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

Leave a Reply