Headlines

സൈബർ ആക്രമണം: എം.എ. ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി

സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയുമായ എം.എ. ഷഹനാസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഷഹനാസ് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെത്തുടർന്ന് തനിക്കെതിരേ സംഘടിതമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് ആണ് സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുന്നതെന്ന് ഷഹനാസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും കുറിപ്പുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഭർത്താവും കുട്ടിയുമായി കഴിയുന്ന താൻ, ഈ ക്രൂരമായ സൈബർ ആക്രമണത്തെത്തുടർന്ന് കുടുംബത്തോടൊപ്പം ആത്മഹത്യയുടെ വക്കിലാണെന്നും എഴുത്തുകാരി സങ്കടത്തോടെ അറിയിച്ചു.

സൈബർ ആക്രമണത്തിന് തെളിവായി നിബു വർഗീസിന്റെ ഫെയ്‌സ്‌ബുക്ക് പ്രൊഫൈൽ ലിങ്കും മോശമായ രീതിയിലുള്ള പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും ലിങ്കുകളും പരാതിയോടൊപ്പം ഷഹനാസ് സമർപ്പിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply