Headlines

വാട്‌സ്ആപ്പിൽ ഇനി മിസ്ഡ് കോൾ അലേർട്ടിനൊപ്പം വോയ്‌സ് സന്ദേശവും; വോയ്‌സ്‌മെയിൽ പോലെ പുതിയ ഫീച്ചർ

ഉപയോക്താക്കളുടെ പ്രിയപ്പെട്ട മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്, കോളിങ്, കോൾ മാനേജ്‌മെന്റ് എന്നിവ കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഐഫോണിന്റെ വോയ്‌സ്‌മെയിൽ സംവിധാനത്തിന് സമാനമായി, വിളിച്ചിട്ട് കിട്ടാത്ത സാഹചര്യത്തിൽ വോയ്‌സ് അല്ലെങ്കിൽ വിഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ അയക്കാൻ കഴിയുന്നതാണ് ഈ പുതിയ അപ്‌ഡേറ്റ്. നിലവിൽ ഈ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

WABetaInfo-യുടെ റിപ്പോർട്ട് അനുസരിച്ച്, വോയ്‌സ് കോളിന് മറുപടി ലഭിക്കാതെ വരുമ്പോൾ വാട്‌സ്ആപ്പ് ഒരു ‘വോയ്‌സ് മെസേജ് റെക്കോർഡ്’ ചെയ്യാനുള്ള ഓപ്ഷൻ നൽകും. ഇതുവഴി ഓഡിയോ റെക്കോർഡ് ചെയ്ത് അയക്കാൻ സാധിക്കും. ഈ സന്ദേശം മിസ്ഡ് കോൾ അലർട്ടിനൊപ്പം ദൃശ്യമാകുന്നതിനാൽ കോളിന്റെ ഉദ്ദേശ്യം സ്വീകർത്താക്കൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയും. കൂടാതെ, വിഡിയോ കോളുകളിലും ഈ ഫീച്ചർ ഉപയോഗിക്കാം. മറുപടി ലഭിക്കാതെ വന്നാൽ വിളിക്കുന്നവർക്ക് വിഡിയോ സന്ദേശം അയക്കാൻ സാധിക്കും. വേഗത്തിൽ ആശയവിനിമയം സാധ്യമാക്കുക എന്നതാണ് ഈ അപ്‌ഡേറ്റിന്റെ പ്രധാന ലക്ഷ്യം. വാട്‌സ്ആപ്പ് അതിന്റെ കോൾസ് ടാബ് പുനഃക്രമീകരിക്കുന്നതിനിടയിലാണ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ എന്ന് മുതൽ ലഭ്യമാകുമെന്നതിൽ വ്യക്തതയില്ല.

ഇതിനൊപ്പം പുതിയ ‘കോൾസ് ടാബ്’ കൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. കോൺടാക്റ്റുകൾ ആക്‌സസ് ചെയ്യുന്നത് മുതൽ പുതിയ ഗ്രൂപ്പുകൾ നിർമ്മിക്കുന്നത് വരെയുള്ള കോളുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോൾ ഒരു ടാബിൽ ക്രമീകരിച്ചിരിക്കുകയാണ്. ഈ പുതിയ ഫീച്ചറിൽ ഉപയോക്താക്കൾക്ക് 31 പേരെ വരെ ഉൾപ്പെടുത്തി വൺ-ഓൺ-വൺ കോളുകളോ ഗ്രൂപ്പ് കോളുകളോ ചെയ്യാൻ സാധിക്കും. കോൾ ഷെഡ്യൂളിങ് ആണ് മറ്റൊരു ഉപയോഗപ്രദമായ ഫീച്ചർ. വോയ്‌സ് അല്ലെങ്കിൽ വിഡിയോ കോളുകൾ ഉപയോക്താക്കൾക്ക് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ കഴിയും. ഇത് ദൈനംദിന കോളിങ് വളരെ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.

Leave a Reply