Headlines

അരങ്ങേറ്റത്തിൽ ഓവന്റെ വെടിക്കെട്ട് അർധസെഞ്ച്വറി; ടി20യിലും വിൻഡീസിനെ വീഴ്ത്തി ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിക്ക് ശേഷം ടി20 പരമ്പരയ്ക്കെത്തിയ വെസ്റ്റ് ഇൻഡീസിന് ഓസ്‌ട്രേലിയയോട് ആദ്യ പോരാട്ടത്തിലും തോൽവി. ത്രില്ലർ മത്സരത്തിൽ ഓസീസ് മൂന്ന് വിക്കറ്റിനാണ് ജയിച്ചത്. അരങ്ങേറ്റ മത്സരത്തിൽ വെറും 27 പന്തിൽ 50 റൺസടിച്ച് മിന്നും പ്രകടനവുമായി മിച്ചൽ ഓവൻ തിളങ്ങിയപ്പോൾ, കാമറോൺ ഗ്രീനും അർധസെഞ്ച്വറിയുമായി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 18.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്ത് വിജയലക്ഷ്യം മറികടന്നു.അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഫോമിലായിരുന്ന മിച്ചൽ ഓവൻ 27 പന്തിൽ ആറ് സിക്‌സറുകളടക്കം 50 റൺസ് നേടി. കാമറോൺ ഗ്രീനും മികച്ച പിന്തുണ നൽകി. 26 പന്തിൽ അഞ്ച് സിക്‌സുകളും രണ്ട് ഫോറുമടക്കം 51 റൺസാണ് ഗ്രീൻ നേടിയത്.

വെസ്റ്റ് ഇൻഡീസിനായി ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, ഗുഡാകേഷ് മോട്ടി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അകീൽ ഹുസൈൻ ഒരു വിക്കറ്റ് സ്വന്തമാക്കി.ബാറ്റിംഗിൽ ടെസ്റ്റ് നായകൻ റോസ്റ്റൻ ചെയ്‌സ് (32 പന്തിൽ 9 ഫോറും 2 സിക്‌സുമടക്കം 60 റൺസ്) വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോററായി. ക്യാപ്റ്റൻ ഷായ് ഹോപ്പ് 39 പന്തിൽ 55 റൺസെടുത്തു തിളങ്ങി. ഷിമ്രോൺ ഹെറ്റ്‌മെയർ 19 പന്തിൽ മൂന്ന് സിക്‌സുകളും രണ്ട് ഫോറുമടക്കം 38 റൺസ് നേടി മികച്ച സംഭാവന നൽകി.

19-ാം ഓവറിൽ വിൻഡീസിന് തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് അവസാന ഘട്ടത്തിൽ റണ്ണടിക്കുന്നതിൽ വലിയ തിരിച്ചടിയായി. ഓസീസിനായി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ബെൻ ഡ്വാർഷുയിസ് നാല് വിക്കറ്റുകളാണ് നേടിയത്. 19-ാം ഓവറിന്റെ മൂന്നാം പന്തിൽ ആന്ദ്രെ റസ്സൽ, നാലാം പന്തിൽ ഷെർഫെയ്ൻ റുതർഫോർഡ്, അവസാന പന്തിൽ ജേസൺ ഹോൾഡർ എന്നിവരെ പുറത്താക്കി ഡ്വാർഷുയിസ് വിൻഡീസിനെ സമ്മർദ്ദത്തിലാക്കി. 5 വിക്കറ്റിന് 184 റൺസ് എന്ന നിലയിൽ നിന്ന് വിൻഡീസ് 8 വിക്കറ്റിന് 186 റൺസ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

Leave a Reply