യുഎഇയിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ‘ശബാത്’ സീസൺ ആരംഭിക്കുന്നു. ജനുവരി പകുതിയോടെ തുടങ്ങി ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന 26 ദിവസങ്ങളാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുകയെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.
ജനുവരി 15 മുതൽ ആരംഭിക്കുന്ന എട്ടു ദിവസങ്ങളാണ് ശൈത്യകാലത്തെ ഏറ്റവും തണുപ്പേറിയ ഘട്ടം. പ്രാദേശികമായി ‘ബർദ് അൽ അസിറഖ്’ അല്ലെങ്കിൽ ‘ബർദ് അൽ ബതീൻ’ എന്നാണ് ഈ ദിവസങ്ങൾ അറിയപ്പെടുന്നത്. മരുഭൂമികളിലും ജനവാസമില്ലാത്ത തുറസ്സായ പ്രദേശങ്ങളിലും തണുപ്പ് അതിശക്തമായിരിക്കും. പാരമ്പര്യമായി ‘ദുർ അൽ സിത്തീൻ’ എന്ന് വിളിക്കപ്പെടുന്ന ഈ കാലയളവിലെ തണുപ്പിനെ ‘കത്തികൊണ്ടുള്ള മുറിവിനോടാണ്’ പ്രാദേശികമായി ഉപമിക്കാറുള്ളത്.
കണക്കുകൾ പ്രകാരം ജനുവരി 12-നും 25-നും ഇടയിലാണ് താപനിലയിൽ വലിയ ഇടിവ് സംഭവിക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ പുലർച്ചെയുള്ള താപനില 8 ഡിഗ്രി സെൽഷ്യസിലും താഴെയാകും. ചില പ്രത്യേക ഇടങ്ങളിൽ ഇത് 5 ഡിഗ്രി സെൽഷ്യസിലും താഴെ പോകാൻ സാധ്യതയുണ്ട്.
സൈബീരിയയിൽ നിന്നും ആർട്ടിക് മേഖലയിൽ നിന്നും യൂറോപ്പ് വഴി എത്തുന്ന തണുത്ത കാറ്റാണ് ഗൾഫ് മേഖലയിൽ കഠിനമായ ശൈത്യത്തിന് കാരണമാകുന്നത്. ഫെബ്രുവരി 1 മുതൽ 12 വരെയുള്ള കാലയളവിൽ വീശുന്ന ശക്തമായ വടക്കൻ കാറ്റ് തണുപ്പിന്റെ തീവ്രത വർദ്ധിപ്പിക്കും.
ശൈത്യകാലത്തിന്റെ രണ്ടാം ഘട്ടമായ ശബാതിൽ ‘അൽ നആം’, ‘അൽ ബൽദ’ എന്നിങ്ങനെ 13 ദിവസം വീതമുള്ള രണ്ട് ഭാഗങ്ങളാണുള്ളത്. ശബാത് അവസാനിക്കുന്നതോടെ തണുപ്പിന് നേരിയ ശമനം ഉണ്ടാകുമെന്നും തുടർന്ന് ‘സ്കോർപിയോൺ സീസൺ’ അഥവാ വസന്തകാലത്തിന്റെ വരവറിയിക്കുന്ന ഘട്ടം ആരംഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൊതുജനങ്ങൾ, പ്രത്യേകിച്ച് ക്യാമ്പിംഗിനും മറ്റും പോകുന്നവർ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

