മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ജനസാഗരത്തിന്റെ ആദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്.
ദർബാർ ഹാളിൽ വി.എസിനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയുടെ ഇരുവശത്തും ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 23 ഇടങ്ങളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
വിലാപയാത്ര ഇന്ന് രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലെത്തും. നാളെ രാവിലെ 10 മുതൽ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

