Headlines

പ്രിയപ്പെട്ട അണ്ണൻ ഇനിയില്ല; വിഎസ് പോയത് അറിയാതെ സഹോദരൻ ആഴിക്കുട്ടി

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗവാർത്ത അദ്ദേഹത്തിന്റെ ഏക സഹോദരി ആഴിക്കുട്ടി ഇതുവരെ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ഏഴ് മാസമായി കിടപ്പിലായ ആഴിക്കുട്ടി, വി.എസിന്റെ ജന്മഗൃഹമായ വെന്തലത്തറയിലെ വീട്ടിലാണ് താമസിക്കുന്നത്. 12 വർഷം മുമ്പ് മകൾ സുശീല മരിച്ചതിന് ശേഷം മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിക്ക് താങ്ങും തണലുമായി ഒപ്പമുള്ളത്.

നാല് മക്കളിൽ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരായ ഗംഗാധരനും പുരുഷനും നേരത്തെ അന്തരിച്ചു. വിശേഷ ദിവസങ്ങളിൽ വി.എസ്. വെന്തലത്തറയിലെത്തി സഹോദരിയെ കാണാൻ വരുമായിരുന്നു. വേലിക്കകത്ത് വീട്ടിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമുള്ള വെന്തലത്തറയിലേക്ക് അദ്ദേഹം നടന്നാണ് എത്തിയിരുന്നത്.

ആഴിക്കുട്ടിക്ക് ആരോഗ്യമുണ്ടായിരുന്ന കാലത്ത് വി.എസിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാൽ പിന്നെ ആവേശം അടക്കാനാവില്ല. വി.എസിന്റെ പോരാട്ടവീര്യത്തെക്കുറിച്ചും വിപ്ലവ ജീവിതത്തെക്കുറിച്ചുമുള്ള ഓർമ്മകൾ അവർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

ഒരിക്കൽ തിരുവിതാംകൂർ ദിവാനെതിരായ സമരത്തിൽ പങ്കെടുത്തതിന് വി.എസിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ശിക്ഷക്ക് വഴങ്ങാതെ പൂഞ്ഞാറിൽ കർഷക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി. ഈ സമയത്ത് ഒരു സന്ധ്യാനേരം വി.എസ്. സഹോദരിയെ കാണാൻ വെന്തലത്തറയിലെത്തി. വിവരമറിഞ്ഞ് പോലീസ് പിന്നാലെയെത്തിയപ്പോൾ, വീടിന്റെ പിന്നിലൂടെ അണ്ണനെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തിയ കാര്യം ആഴിക്കുട്ടി ആവേശത്തോടെ പറയുമായിരുന്നു.

പിന്നീട് പോലീസിന്റെ പിടിയിലായ വി.എസ്സിന് കടുത്ത മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഒപ്പമുണ്ടായിരുന്ന ആരെക്കുറിച്ചും ഒരക്ഷരം പോലും അദ്ദേഹം വെളിപ്പെടുത്തിയില്ല. രണ്ട് വർഷത്തിന് ശേഷം പോലീസിന്റെ മർദ്ദനത്തിലെ മുറിപ്പാടുകളുമായി വീട്ടിലെത്തിയ അണ്ണനോട് ‘ഇതൊക്കെ മതിയാക്കിക്കൂടെ’ എന്ന് ചോദിച്ചപ്പോൾ, ‘നിനക്ക് വേറെയും രണ്ട് അണ്ണന്മാരുണ്ടല്ലോ’ എന്നായിരുന്നു വി.എസിന്റെ മറുപടി.

തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതിന് ശേഷം വി.എസ്. ഇടയ്ക്കിടെ വിളിക്കുമായിരുന്നു. പിന്നീട് വിളിക്കാതായപ്പോൾ ആഴിക്കുട്ടിക്ക് വിഷമമായി. ‘പിന്നീടാണ് അറിയുന്നത്, അദ്ദേഹം കിടപ്പിലാണെന്ന്,’ ഈറനണിഞ്ഞ കണ്ണുകളോടെ ആഴിക്കുട്ടി ഒരിക്കൽ പറഞ്ഞിരുന്നു. പ്രിയപ്പെട്ട അണ്ണനെക്കുറിച്ചുളള ഓർമ്മകൾക്ക് ഇപ്പോഴും അവരുടെ മനസ്സിൽ മായാത്ത സ്ഥാനമുണ്ട്.

Leave a Reply