ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം നീളും. കോൺസുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കും എന്നായിരുന്നു വിപഞ്ചികയുടെ അമ്മയ്ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാൽ, മൃതദേഹം സംസ്‌കരിക്കുന്നതിൽ അനശ്ചിതത്വം നേരിടുന്ന സാഹചര്യത്തിൽ സംസ്‌കരിക്കാൻ എത്തിച്ച മൃതദേഹം തിരികെ കൊണ്ടുപോയി. കോൺസുലേറ്റ് കൂടുതൽ ചർച്ചകൾക്ക് വിളിച്ചിട്ടുണ്ട്.
അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിക്കണമെന്നും വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒന്നിച്ച് നാട്ടിൽ എത്തിക്കണമെന്നും അമ്മ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാർജയിലെ വീട്ടിൽ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം നിയമപോരാട്ടം തുടരുകയാണ്. ഷാർജ പൊലീസിൽ പരാതി നൽകുമെന്നും അറിയിച്ചിരുന്നു. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. അതേസമയം, കേരളത്തിൽ നൽകിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

