Headlines

വിനേഷ് ഫോഗട്ട് ഗോദയിലേക്ക് മടങ്ങിയെത്തുന്നു, ലക്ഷ്യം 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്

പാരിസ് ഒളിമ്പിക്സിന്റെ ഫൈനൽ വരെയെത്തിയിട്ടും ഭാരക്കൂടുതലിന്റെ പേരിൽ അവസരം നഷ്ടമായതിനെ തുടർന്ന് ഗുസ്തിയിൽ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഗോദയിലേക്ക് മടങ്ങിയെത്തുന്നു. ഒളിമ്പിക്‌സ് ഫൈനലിനു പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി എം.എൽ.എ. ആയ വിനേഷ്, തൻ്റെ വിരമിക്കൽ തീരുമാനം പിൻവലിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനേഷിന്റെ ഈ മടങ്ങിവരവ്. 2028ലെ ലൊസാഞ്ചലസ് ഒളിമ്പിക്സിൽ (LA28) മത്സരിക്കാനാണ് താരത്തിൻ്റെ പുതിയ തീരുമാനം. ഒളിമ്പിക്സ് ഗുസ്തിയുടെ ഫൈനലിലേക്ക് മുന്നേറിയ ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്ര നേട്ടത്തോടെയായിരുന്നു താരത്തിൻ്റെ പാരിസിലെ മുന്നേറ്റം. എന്നാൽ അവസാനഘട്ട പരിശോധനയിൽ ഭാരക്കൂടുതൽ വിലങ്ങായതോടെയാണ് അവർ വിരമിക്കൽ പ്രഖ്യാപിച്ചത്.

വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയ വിനേഷ് ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ ജയിച്ച അപൂർവം കോൺഗ്രസ് എം.എൽ.എമാരിൽ ഒരാളാണ് വിനേഷ്. നിലവിൽ ജുലാന മണ്ഡലത്തിലെ എം.എൽ.എയാണ് അവർ.

“പാരിസോടെ അവസാനിച്ചോ എന്നു പലരും ചോദിച്ചിരുന്നു. വളരെക്കാലമായി, എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചിരുന്നില്ല. ആ തീ കെട്ടിട്ടില്ല. എനിക്ക് ഇപ്പോഴും ഗുസ്തി ഇഷ്ടമാണ്. എനിക്ക് ഇപ്പോഴും മത്സരിക്കാൻ ആഗ്രഹമുണ്ട്,” വിനേഷ് തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.

“ഭയമില്ലാത്ത ഹൃദയത്തോടെയും തലകുനിക്കാത്ത മനസോടെയും എൽഎ28 ലേക്ക് ഞാൻ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്” എന്നും അവർ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ജൂലൈയിൽ ആൺകുഞ്ഞിനു ജന്മം നൽകിയ വിനേഷ്, പ്രസവശേഷം കായിക ലോകത്തേക്ക് തിരിച്ചെത്തുന്ന അമ്മത്താരങ്ങളുടെ പട്ടികയിലും ഇനി ഇടം പിടിക്കും. തന്റെ തിരിച്ചു വരവിൽ പ്രചോദനമായി ഇപ്പോൾ ടീം അംഗങ്ങളിൽ മകനും ഭാഗമാണെന്ന് വിനേഷ് പറയുന്നു.

Leave a Reply