മെറിലാൻഡ് സിനിമാസിൻറെയും ഹാബിറ്റ് ഓഫ് ലൈഫിൻറെയും ബാനറിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൻറെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിനീത് സ്ഥിരം ശൈലി വിട്ട് ത്രില്ലറുമായാണ് എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബർ 25 നാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്.
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസൻറെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിൻറെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിൾ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
മെറിലാൻഡ് 1955 ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യ ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയ്ക്കുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

