Headlines

യൂട്യൂബ് പരസ്യങ്ങൾ ഉൾപ്പെടെ അഞ്ച് സെക്കൻഡിനുള്ളിൽ സ്കിപ്പ് ചെയ്യാം; നിയമം നടപ്പിലാക്കാൻ വിയറ്റ്നാം

യൂട്യൂബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ അഞ്ച് സെക്കൻഡിനുശേഷം സ്കിപ്പ് ചെയ്യാൻ അനുവദിക്കുന്ന പുതിയ നിയമം വിയറ്റ്‌നാം സർക്കാർ പ്രാബല്യത്തിൽ വരുത്തുന്നു. ഡിജിറ്റൽ പരസ്യങ്ങളുടെ ദൈർഘ്യം ഉപയോക്താക്കൾക്ക് അസഹനീയമാകുന്ന സാഹചര്യത്തിലാണ് ഈ കർശന നിയന്ത്രണം. ഫെബ്രുവരി 15 മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ, 15 മുതൽ 30 സെക്കൻഡ് വരെ നിർബന്ധമായും കാണേണ്ടി വന്നിരുന്ന പരസ്യങ്ങളിൽ അഞ്ച് സെക്കൻഡിനുള്ളിൽ തന്നെ ‘സ്കിപ്പ്’ ഓപ്ഷൻ ലഭ്യമാകും.

വീഡിയോകൾക്ക് പുറമെ ആനിമേഷനുകൾ, ബാനറുകൾ, പോപ്പ്-അപ്പ് പരസ്യങ്ങൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ‘ഫേക്ക് ക്ലോസ് ബട്ടണുകൾ’ പോപ്പ്-അപ്പ് പരസ്യങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ നിയമം നിർദ്ദേശിക്കുന്നു. സുരക്ഷിതവും സുഗമവുമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ പരിഷ്കാരത്തിലൂടെ വിയറ്റ്‌നാം ഇൻഫർമേഷൻ മന്ത്രാലയം ലക്ഷ്യമിടുന്നത്.

നിയമവിരുദ്ധമോ ദോഷകരമോ ആയ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം അവ നീക്കം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം അത്തരം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി പകുതിയോടെ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഡിജിറ്റൽ ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Leave a Reply