ഇന്ത്യൻ വനിതാ ടീമിലെ മധ്യനിര ബാറ്ററും വെറ്ററൻ താരവുമായ വേദ കൃഷ്ണമൂർത്തി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നു വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. യുവ താരങ്ങളുടെ സ്ഥാനമാണ് താനിപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്നും അവർക്കായി വഴി മാറുകയാണെന്നും വേദ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.
ഏകദിന, ടി20 പോരാട്ടങ്ങളിലായി ഇന്ത്യക്കായി 124 മത്സരങ്ങൾ വേദ കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായും വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനായും കളിക്കുന്നു.
2020ലെ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് താരത്തിന്റെ ഇന്ത്യൻ ജേഴ്സിയിലെ അവസാന പോരാട്ടം. 48 ഏകദിനങ്ങൾ താരം ഇന്ത്യക്കായി കളിച്ചു. 829 റൺസ് നേടി. 76 ടി20 മത്സരങ്ങൾ. 875 റൺസ് നേടി.

