ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ അവരെ മോചിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ സമൂഹമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കന്യാസ്ത്രീവേഷത്തിൽ യാത്ര ചെയ്യാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഒരുമിച്ച് യാത്ര ചെയ്താൽ പോലും സംശയത്തോടെ നോക്കുന്ന സാഹചര്യമാണ്. രാജ്യത്ത് ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ, ഈസ്റ്ററിനും ക്രിസ്മസിനും ഇതേ ആളുകൾ കേക്കുമായി വരുന്നതിലെ വൈരുധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾ പോലും തടസ്സപ്പെടുത്തുകയും പ്രാർത്ഥനാ കൂട്ടായ്മകളെ തടയുകയും ചെയ്യുന്ന സ്ഥിതിയാണ്. വൈദികരെയും കന്യാസ്ത്രീമാരെയും കള്ളക്കേസുകളിൽ കുടുക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇത്തരം അതിക്രമങ്ങൾക്ക് പോലീസും കൂട്ടുനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ എല്ലാ രേഖകളോടും കൂടിയാണ് യാത്ര ചെയ്തിരുന്നത്. എന്നാൽ ടി.ടി.ഇ. പോലീസിനെ വിളിക്കുന്നതിനു പകരം ബജ്റംഗ്ദൾ പ്രവർത്തകരെയാണ് വിളിച്ചുവരുത്തിയത്. അവരെ എത്രയും പെട്ടെന്ന് ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.

