അമേരിക്കൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചു. പലിശനിരക്കിൽ കാൽ ശതമാനത്തിന്റെ കുറവാണ് യുഎസ് ഫെഡറൽ റിസർവ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4 ശതമാനത്തിനും 4.25 ശതമാനത്തിനും ഇടയിലായി. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകർന്ന് ഈ വർഷം ആദ്യമായാണ് അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്.
അമേരിക്കയിൽ തൊഴിൽ വിപണിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ വർഷാവസാനത്തിന് മുമ്പ് രണ്ട് തവണ കൂടി പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന് കേന്ദ്രബാങ്ക് സൂചന നൽകി. ഒന്നിനെതിരെ 11 വോട്ടിനാണ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി പലിശനിരക്ക് കുറയ്ക്കുന്നതിന് അംഗീകാരം നൽകിയത്.
തൊഴിൽ വളർച്ച കുറയുന്നതും തൊഴിൽ സാധ്യതകൾ കുറയുന്നതും അടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത്. പലിശനിരക്ക് കുറയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സമ്മർദ്ദവും പലിശനിരക്ക് കുറയ്ക്കുന്നതിൽ നിർണായകമായതായാണ് വിലയിരുത്തൽ. അമേരിക്കയുടെ ജിഡിപി വളർച്ചാ പ്രവചനം ജൂണിൽ 1.4% ൽ നിന്ന് 1.6% ആയി കേന്ദ്രബാങ്ക് ഉയർത്തി.

