Headlines

അധിക തീരുവയിൽ ഇളവുമായി അമേരിക്കയും ചൈനയും; താരിഫ് ഈടാക്കൽ മൂന്നു മാസത്തേക്ക് നീട്ടി ട്രംപ്

ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ ഈടാക്കുന്നത് നീട്ടിവെച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിക താരിഫുകൾ ഈടാക്കുന്നത് 90 ദിവസത്തേക്കാണ് നീട്ടിവെച്ചത്. 145 ശതമാനം അധിക തീരുവ ഈടാക്കുന്നതാണ് നീട്ടിവെച്ചത്. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ചൈനയുമായി വ്യാപാര ഉടമ്പടി ഉടനെന്നും ട്രംപ് സൂചിപ്പിച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ തീരുമാനം അനുസരിച്ച് നവംബർ 10 വരെ ചൈനയ്ക്ക് അധിക തീരുവയിൽ ഇളവ് ലഭിക്കും. ‘കരാറിന്റെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരും’ എന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അധിക തീരുവ ഈടാക്കുന്നത് നീട്ടിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് പിന്നാലെ ചൈനയും സമാന നടപടി കൈക്കൊണ്ടിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഈടാക്കുന്നത് മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തതായി ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യത്തിൽ യുഎസും ചൈനയും പരസ്പരം ഉൽപന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത്.

തുടർന്ന് മേയിൽ ഇരു രാജ്യങ്ങളും അവ താൽക്കാലികമായി കുറയ്ക്കാൻ സമ്മതിച്ചു. രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിൽ ഫോൺ കോളിൽ ഉണ്ടായ സുപ്രധാന സമവായം പിന്തുടരാൻ അമേരിക്ക ചൈനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. സമത്വം, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ നല്ല നേട്ടങ്ങൾക്കായി യുഎസ് പരിശ്രമിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply