Headlines

യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; ഫീസ് ഈടാക്കില്ലെന്ന് ആർബിഐ

യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും, നിലവിൽ ഫീസ് ഈടാക്കാൻ പദ്ധതിയില്ലെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഡിജിറ്റൽ പേയ്മെന്റുകൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. എന്നാൽ, യുപിഐ ഇടപാടുകൾ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും, യുപിഐ ഇടപാടുകൾ നടത്താൻ ചെലവുണ്ടെന്നും, ഇത് ആരെങ്കിലും വഹിക്കേണ്ടിവരുമെന്നും അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിൽ പറഞ്ഞിരുന്നു.

യുപിഐ സംവിധാനത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടിവരുമെന്നാണ് സഞ്ജയ് അന്ന് സൂചിപ്പിച്ചത്. ഇതിനിടെ, റിസർവ് ബാങ്കിന്റെ ധനനയവും ഗവർണർ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5% ആയി തുടരും. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ആദ്യമായി ചേർന്ന ധനനയ സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ജിഎസ്ടി ഇളവുകൾ പണപ്പെരുപ്പം തടയാൻ കാരണമായെന്ന് ധനനയ നിർണയ കമ്മറ്റി അംഗങ്ങൾ ഒരുപോലെ അഭിപ്രായപ്പെട്ടു. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശയിൽ മാറ്റമുണ്ടാകില്ല. പണപ്പെരുപ്പ നിരക്ക് 3.1% ൽ നിന്ന് 2.6% ആയതിനാൽ അടുത്ത സാമ്പത്തിക വർഷം ഉയർന്ന ജിഡിപി വളർച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Reply