Headlines

യെസ്ഡി റോഡ്സ്റ്റർ പുതിയ പതിപ്പിന്റെ ലോഞ്ച് ഓഗസ്റ്റ് 12ന്

ഇന്ത്യൻ വിപണിയിൽ റോഡ്സ്റ്ററിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ യെസ്ഡി മോട്ടോർസൈക്കിൾസ്. പുതിയ പതിപ്പ് ഓഗസ്റ്റ് 12 ന് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡിസൈനിന്റെ കാര്യത്തിൽ ഒന്നിലധികം അപ്‌ഡേറ്റുകളുമായാണ് പുതിയ പതിപ്പ് വരുന്നത്. പുതുക്കിയ എൻജിൻ അടക്കം നിരവധി സവിശേഷകൾ വാഹന പ്രേമികൾക്ക് പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അഡ്വഞ്ചറിന്റെ പുതുക്കിയ പതിപ്പിൽ കണ്ട അതേ പാറ്റേൺ തന്നെയായിരിക്കാം ഇതിലും കാണുക. കൂടാതെ, സ്‌ക്രാംബ്ലറിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയിട്ടുണ്ട്.

റോഡ്സ്റ്ററിന്റെ പുതിയ പതിപ്പിന്റെ ചിത്രങ്ങളെ അടിസ്ഥാനമാക്കി പരിശോധിച്ചാൽ ബൈക്കിന്റെ സ്റ്റൈലിൽ അടക്കം നിരവധി മാറ്റങ്ങൾ കാണാവുന്നതാണ്. ടേൺ ഇൻഡിക്കേറ്ററുകളുടെയും ടെയിൽ സെക്ഷന്റെയും പുതുക്കിയ രൂപകൽപ്പനയിൽ ഈ പരിഷ്‌കാരങ്ങൾ പ്രകടമാണ്. പില്യൺ സീറ്റ് മുൻ മോഡലിനേക്കാൾ ചെറുതാണ്. എല്ലാം ഘടകങ്ങളും വിലയിരുത്തിയാൽ ക്രൂയിസർ മോഡൽ ബൈക്ക് ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്. പാരമ്പര്യം നിലനിർത്തി കൊണ്ട് മോട്ടോർസൈക്കിളിൽ ഇപ്പോഴും ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്.

യെസ്ഡി റോഡ്സ്റ്ററിന്റെ നിലവിലെ പതിപ്പിൽ 29 എച്ച്പിയും 29.4 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്ന 334 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എൻജിൻ ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എൻജിനെ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുൻവശത്തെ സസ്പെൻഷനിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഫ്ലോട്ടിങ് കാലിപ്പറുള്ള ഒരു ഡിസ്‌ക് ആണ് ബ്രേക്കിങ് കൈകാര്യം ചെയ്യുന്നത്. മുന്നിൽ 320 എംഎം ഡിസ്‌ക്കും പിന്നിൽ 240 എംഎം ഡിസ്‌ക്കും ഉണ്ട്. നിലവിൽ, യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില 2.10 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).

Leave a Reply