രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യം.
കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ച രാവിലെ മുതൽ തൃശൂരിൽ ബിജെപി സംസ്ഥാന ശിൽപ്പശാലയും നടക്കും.
അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വെള്ളിയാഴ്ച നേതൃയോഗത്തിൽ പങ്കെടുക്കുന്ന അമിത് ഷാ പിന്നീട് ചെന്നൈയിലേക്ക് പോകും.

