ഖത്തറിൽ അടിമുടി മാറ്റം: പുതുതലമുറ വാഹന നമ്പർ പ്ലേറ്റുകൾ നടപ്പാക്കുന്നു

ഖത്തറിലെ വാഹന നമ്പർ പ്ലേറ്റുകളിൽ സമൂലമായ മാറ്റം വരുത്താൻ ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ.) തീരുമാനിച്ചു. ഘട്ടം ഘട്ടമായാണ് ഈ പരിഷ്കരണം നടപ്പാക്കുക. രാജ്യത്തെ എല്ലാ വാഹനങ്ങളിലും ആധുനിക സ്മാർട്ട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നമ്പർ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തിൽ സ്വകാര്യ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലാണ് മാറ്റം വരിക. ഇതിൻ്റെ ഭാഗമായി നിലവിലുള്ള നമ്പറിന് മുമ്പായി ‘Q’ എന്ന അക്ഷരം ചേർക്കും. പിന്നീട് ‘T’, ‘R’ എന്നീ അക്ഷരങ്ങൾ ഘട്ടം ഘട്ടമായി ഉപയോഗിക്കും.

ആദ്യഘട്ടത്തിൽ ഡിസംബർ 13 മുതൽ 16 വരെ സൂം ആപ്ലിക്കേഷൻ വഴി പ്രത്യേക നമ്പർ പ്ലേറ്റ് സ്വന്തമാക്കുന്ന വാഹനങ്ങൾക്ക് ‘Q’ എന്ന അക്ഷരം അനുവദിക്കും. പുതിയ വാഹന ലൈസൻസിങ് സംവിധാനത്തിൽ ഏപ്രിൽ ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് പുതുക്കിയ നമ്പർ പ്ലേറ്റ് നൽകുന്നതാണ് രണ്ടാമത്തെ ഘട്ടം. ഇവയ്ക്ക് ലഭ്യമായ ക്രമത്തിൽ ‘Q’, ‘T’, ‘R’ അക്ഷരങ്ങൾ അനുവദിക്കും. മൂന്നാം ഘട്ടത്തിൽ, നിലവിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ‘Q’ അക്ഷരം ചേർത്ത് പുതുക്കും. ഇതിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും. സ്വകാര്യേതര വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലുള്ള മാറ്റം സംബന്ധിച്ച് പിന്നീട് പ്രഖ്യാപനമുണ്ടാകും. കേണൽ ഡോ. ജബർ ഹുമൂദ് ജബർ അൽ നഈമി, സ്റ്റാഫ് കേണൽ അലി ഹസൻ അൽ കഅബി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഈ വിവരങ്ങൾ പ്രഖ്യാപിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply