ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പ്: ബിഗ് ബോസ് താരം ബ്ലസ്ലി റിമാൻഡിൽ

ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ബിഗ് ബോസ് താരം മുഹമ്മദ് ബ്ലസ്ലിയെ കോഴിക്കോട് സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. തട്ടിപ്പിലൂടെ സമാഹരിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി എന്ന ഗുരുതരമായ കണ്ടെത്തലിനെ തുടർന്നാണ് നടപടി. കാക്കൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ഈ മാസം ഒമ്പതിനാണ് ബ്ലസ്ലി പിടിയിലായത്. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

കോഴിക്കോട് ജില്ലയിലെ കാക്കൂർ, താമരശ്ശേരി, കൊടുവള്ളി, കോയഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഇതുവരെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് ബ്ലസ്ലി എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ബ്ലസ്ലിയുടെ മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആകെ 20 പ്രതികളുള്ള കേസിൽ ബാക്കി 8 പേർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ക്രൈംബ്രാഞ്ച് സംഘം കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply