തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിനെതിരേ ബാർ കൗൺസിൽ നടപടിയുമുണ്ടാകും

ലഹരിമരുന്ന് കേസില്‍ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്ന കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍. വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുന്നത്. നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം എടുക്കും. വിശദമായ വാദം കേട്ട ശേഷം അച്ചടക്ക നടപടികളിലേക്ക് ബാര്‍ കൗണ്‍സില്‍ കടക്കും. ആന്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍.
ആന്‍റണി രാജുവിന്‍റെ നടപടി നാണക്കേടുണ്ടാക്കുന്നുവെന്നും തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ബാർ കൗൺസിൽ പ്രസിഡന്‍റ് ടി.എസ്. അജിത് മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേസില്‍ മൂന്ന് വര്‍ഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതോടെ മുന്‍ മന്ത്രി കൂടിയായ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആറ് വര്‍ഷത്തേക്ക് ആന്റണി രാജുവിന് മത്സരിക്കാനാകില്ല. കേസിലെ ഒന്നാം പ്രതിയായ റിട്ട. കോടതി ജീവനക്കാരന്‍ കെ എസ് ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷയുണ്ട്.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ‌ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ‌ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരേയുള്ള കേസ്.അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു.

ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകൾ കോടതിയിൽ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി.

സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply