ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസ്: രണ്ടാം പ്രതി രജനിക്ക് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതിയായ രജനിക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസിൽ നേരത്തെ ഒന്നാം പ്രതിയായ പ്രബീഷിനും കോടതി വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി രജനി മയക്കുമരുന്ന് കേസിൽ ഒഡീഷ ജയിലിലായിരുന്നതിനാൽ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഒന്നാം പ്രതിക്ക് ചുമത്തിയിരുന്ന എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിരുന്നു. രജനിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10-നാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ കണ്ടെത്തിയത്.

വിവാഹിതനായ പ്രബീഷ്, രജനിയുമായും അനിതയുമായും അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ബന്ധത്തിൽ നിന്ന് പിരിയണമെന്ന് പ്രബീഷ് ആവശ്യപ്പെട്ടെങ്കിലും അനിത സമ്മതിച്ചില്ല. തുടർന്ന് പാലക്കാട് ജോലി ചെയ്തിരുന്ന അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതക സമയത്ത് ശബ്ദം പുറത്തുവരാതിരിക്കാൻ രജനി സഹായിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം പൂക്കൈതയാറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രണ്ടാം പ്രതിയായ രജനി കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ലഹരിക്കേസിൽ പിടിയിലായത്. എൻ.ഡി.പി.എസ്. കേസിൽ ഒഡീഷയിലെ ജയിലിലായിരുന്നു രജനി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply