ഖത്തർ തലസ്ഥാനമായ ദോഹയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്റാഈൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാ സമിതി. അൽജീരിയയുടെയും പാകിസ്താന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ വിഷയം ചർച്ചചെയ്യാൻ മാത്രമായി യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരുന്നത്.
ആക്രമണം സംബന്ധിച്ച് രക്ഷാസമിതിക്ക് ഖത്തർ ഔദ്യോഗികമായി സന്ദേശം കൈമാറിയിട്ടുണ്ട്. ഇസ്രായേലിന്റെ ആക്രമണം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ സംഭവമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ആക്രമണത്തെക്കുറിച്ച് ഞങ്ങൾ നിലവിൽ ഉന്നതതലത്തിൽ അന്വേഷണം നടത്തിവരുകയാണ്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായാലുടൻ പ്രഖ്യാപിക്കും. ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുകയും ഇസ്രായേലിന്റെ ഈ ആക്രമണാത്മക പെരുമാറ്റം ഞങ്ങൾ സഹിക്കില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇസ്രായേലിന്റെ ആക്രമണം മേഖലയുടെ സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ലക്ഷ്യമിടുന്ന ഒരു നടപടിയും ഞങ്ങൾ അംഗീകരിക്കില്ലെന്നും ഖത്തർ യു.എന്നിനെ അറിയിച്ചിട്ടുണ്ട്.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചിരുന്നു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനം ആണെന്നാണ് യു.എൻ മേധാവി വിശേഷിപ്പിച്ചത്.

