റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെതിരേ വംശീയ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ബെൻഫിക്ക വിങ്ങർ ജിയാൻലൂക്ക പ്രെസ്റ്റിയാനിയെ യുവേഫ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്ലേ-ഓഫിന്റെ ആദ്യ പാദത്തിൽ നടന്ന സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ താരത്തിന് 10 മത്സരങ്ങൾ വരെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതോടെ ബുധനാഴ്ച നടക്കാനിരിക്കുന്ന നിർണ്ണായകമായ രണ്ടാം പാദ മത്സരത്തിൽ അർജന്റൈൻ താരത്തിന് കളിക്കാനാകില്ല.
ആദ്യ പാദ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോളടിച്ച ശേഷം മടങ്ങുകയായിരുന്ന വിനീഷ്യസിനെ പ്രെസ്റ്റിയാനി വംശീയമായി അധിക്ഷേപിച്ചുവെന്നാണ് പരാതി. മുഖം മറച്ചുപിടിച്ചാണ് താരം അധിക്ഷേപം നടത്തിയത്. സംഭവത്തെത്തുടർന്ന് വിനീഷ്യസ് കളി തുടരാൻ വിസമ്മതിക്കുകയും മത്സരം അൽപ്പനേരം തടസ്സപ്പെടുകയും ചെയ്തിരുന്നു. മത്സരശേഷം “വംശവെറിയന്മാർ ഭീരുക്കളാണെന്ന്” വിനീഷ്യസ് രൂക്ഷമായി പ്രതികരിച്ചു. എന്നാൽ ആരോപണങ്ങൾ പ്രെസ്റ്റിയാനി നിഷേധിച്ചിട്ടുണ്ട്.
മത്സരത്തിനിടെ ചുവപ്പ് കാർഡ് ലഭിച്ച ബെൻഫിക്ക പരിശീലകൻ ഹോസെ മൗറീന്യോ രണ്ടാം പാദത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫുട്ബോൾ മൈതാനങ്ങളിലെ വംശീയതയ്‌ക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാണ്.

