വേഗപരിധി ലംഘനം ; പിഴപ്പട്ടിക പുറത്ത് വിട്ട് അബുദാബി പൊലീസ്
വേഗപരിധി ലംഘനങ്ങൾ കുറയ്ക്കുന്നതിനായി നടപടികളുമായി അബൂദബി പൊലീസ്. വേഗപരിധിയുടെ എട്ട് ലംഘനങ്ങളും അവയ്ക്കുള്ള പിഴകളും ബ്ലാക്ക് പോയിന്റുകളും പൊലീസ് ഡ്രൈവർമാർക്കായി പങ്കുവെച്ചു.
അനുവദനീയമായതിലും അധികം 20 കിലോമീറ്റർ വരെ അമിത വേഗതയിൽ സഞ്ചരിച്ചാൽ 300 ദിർഹമാണ് പിഴ. 20 മുതൽ 30 കിലോമീറ്റർ വരെ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത കൂടിയാൽ 700 ദിർഹവും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1000 ദിർഹവും 50 മുതൽ 60 കിലോമീറ്റർ വരെ വേഗത കൂടിയാൽ 1,500 ദിർഹം ഫൈൻ ലഭിക്കും. ഒപ്പം ആറ് ട്രാഫിക് പോയിന്റും ഉണ്ടാകും. 60 കിലോമീറ്ററിൽ അധികം വേഗത കൂടിയാൽ 2000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുമാണ് ചുമത്തുക. 80 കിലോമീറ്ററിൽ അധികമാണ് വേഗതയെങ്കിൽ 3000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റും ചുമത്തും.
അനുവദനീയമായതിലും കുറഞ്ഞ വേഗതയിൽ വാഹനമോടിച്ചാൽ 400 ദിർഹമാണ് പിഴ. ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിലെ നിശ്ചിത ലെയിനുകളിൽ കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററാണ്. ഇതു പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 400 ദിർഹം പിഴ ചുമത്തും. വേനൽ മുൻനിർത്തി അബൂദബി പൊലിസിനു കീഴിൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ നടപടികളും സജീവമാണ്.