യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി
രാജ്യത്തെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ധനകാര്യമന്ത്രാലയം '2023/ 43' എന്ന ഔദ്യോഗിക തീരുമാനം പുറത്തിറക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 10-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കോർപറേറ്റ് ടാക്‌സുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം '2022/47' അനുസരിച്ചുള്ള രജിസ്ട്രേഷൻ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളെയാണ് മന്ത്രാലയം ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം, യു എ ഇയിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ ഒഴികെയുള്ള ടാക്‌സ് പരിധിയിൽ വരുന്ന വ്യക്തികൾ ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെ കീഴിൽ കോർപറേറ്റ് ടാക്‌സ് രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോർപറേറ്റ് ടാക്‌സ് രജിസ്ട്രേഷൻ നടപടികളിൽ നിന്ന് താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്:
യു എ ഇയിൽ നിന്നുള്ള വരുമാനം മാത്രമുള്ള പ്രവാസികൾക്ക്, അവർക്ക് യു എ ഇയിൽ സ്ഥിരമായുള്ള ഒരു സ്ഥാപനം (പെർമനന്റ് എസ്റ്റാബ്ലിഷ്മെന്റ് പരിധിയിൽ പെടുന്ന) ഇല്ലാത്ത സാഹചര്യത്തിൽ, ഈ രജിസ്ട്രേഷൻ ആവശ്യമില്ല. സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ. എക്സ്ട്രാക്റ്റീവ് ബിസിനസുകൾ, എക്സ്ട്രാക്റ്റീവ് അല്ലാത്ത പ്രകൃതിവിഭവ ബിസിനസുകൾ മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് അവർ യു എ ഇ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്ന പക്ഷം ഈ രജിസ്ട്രേഷൻ ഒഴിവാക്കി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
The Ministry of Finance has issued the Ministerial Decision No. 43 of 2023 on Exception from Tax Registration for the purposes of the Corporate Tax Law.
— وزارة المالية | الإمارات (@MOFUAE) April 10, 2023
For more information regarding Corporate Tax related decisions, visit MoF's website: https://t.co/JdXCqRl0YT#CorporateTax pic.twitter.com/Fh4dENKl7N