ഇന്ത്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ; വാർത്തകൾ നിഷേധിച്ച് യുഎഇ

ഇന്ത്യക്കാർക്ക് 23 ലക്ഷം രൂപ നൽകിയാൽ യുഎഇയിൽ ആജീവനാന്ത ഗോൾഡൻ വിസ ലഭിക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ യുഎഇ നിഷേധിച്ചു. ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി. വിദേശത്ത് പ്രവർത്തിക്കുന്ന ഒരു കൺസൾട്ടിങ് ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം നടന്നതെന്നും, അതിലെ വിവരങ്ങൾ യാഥാർത്ഥ്യമല്ലെന്നും അധികൃതർ അറിയിച്ചു.

യുഎഇ ഗോൾഡൻ വിസ എല്ലാവർക്കും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല. യുഎഇയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രമേ ഇതിന് അപേക്ഷിക്കാൻ കഴിയൂ. ഗോൾഡൻ വിസ അപേക്ഷകൾ സ്വീകരിക്കാൻ രാജ്യത്തിനകത്തോ പുറത്തോ ഒരു കൺസൾട്ടൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ICA വ്യക്തമാക്കി.

യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെഡറൽ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെറ്റായ വാഗ്ദാനങ്ങളുമായി സമീപിക്കുന്നവർക്ക് പണമോ രേഖകളോ കൈമാറരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഔദ്യോഗിക വിവരങ്ങൾക്കായി 600522222 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ICA അറിയിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply