ദുബൈയുടെ ഗതാഗത മേഖലയെ നിയന്ത്രിക്കുന്ന റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി സമ്മാനങ്ങളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ദുബൈ മെട്രോ, ട്രാം, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
വാർഷികത്തിന്റെ ഓർമ്മയ്ക്കായി പ്രത്യേകമായ ലിമിറ്റഡ് എഡിഷൻ ‘നോൽ’ കാർഡുകളും ആർ.ടി.എ പുറത്തിറക്കുന്നുണ്ട്. നവംബർ ഒന്നു മുതൽ 20 വരെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ഇവ ലഭ്യമാകും.
പ്രധാന ഓഫറുകളും പരിപാടികളും:
- സിനിമാ ടിക്കറ്റുകളിൽ ഇളവ്: നവംബർ ഒന്നു മുതൽ അഞ്ചു വരെ റോക്‌സി സിനിമാസിലെ ടിക്കറ്റുകൾക്ക് ‘RTA20’ എന്ന പ്രമോ കോഡ് ഉപയോഗിച്ച് 20% വരെ വിലക്കിഴിവ് നേടാം.
- ഓൺലൈൻ ഷോപ്പിംഗിൽ ഡിസ്‌കൗണ്ട്: ഇതേ കാലയളവിൽ ‘നൂൺ’ (Noon) വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്ക് സമാനമായ പ്രമോ കോഡിൽ 20% വിലക്കിഴിവ് ലഭിക്കും.
നവംബർ ഒന്നിന് പ്രത്യേക പരിപാടികൾ:
നവംബർ ഒന്നിന് യാത്രക്കാർക്കായി നിരവധി വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
- ‘ബലൂൺസ് ആൻഡ് സ്മൈൽസ്’ പരിപാടി: ബുർജുമാൻ മെട്രോ സ്റ്റേഷനിൽ രാവിലെ 9 മണിക്കും ഓൺ പാസിവ്, ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനുകളിൽ രാവിലെ 10 മണിക്കും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും ഉമ്മുറമൂൽ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 11 മണിക്കുമാണ് ഈ പരിപാടി നടക്കുക.
- സമ്മാനങ്ങൾ നേടാൻ അവസരം: അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും വെച്ച് ബസ് യാത്രക്കാർക്ക് ‘RTA20’ ബൂത്തിൽ 20 സെക്കൻഡിനുള്ളിൽ ഒരു സമ്മാനം നേടാനുള്ള അവസരമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനങ്ങളായി ലഭിക്കും. ഈ ഓഫർ നവംബർ ഒന്നിന് മാത്രമായിരിക്കും.
- ഫോട്ടോ ബൂത്ത്: നവംബർ ഒന്നിന് ബുർജുമാൻ മെട്രോ സ്റ്റേഷനിൽ, യാത്രക്കാർക്ക് ഭീമൻ ആർട്ട് ഫ്രെയിമിന് മുന്നിൽ പോസ് ചെയ്യാനും ആർ.ടി.എയുടെ ഫോട്ടോബൂത്തിൽ നിന്ന് ഡിജിറ്റൽ ഫോട്ടോ കോപ്പി എടുക്കാനും കഴിയും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ഇതിന് സൗകര്യമുണ്ടാവുക.
കൂടാതെ, ദുബൈ വിമാനത്താവളത്തിൽ ഒക്‌ടോബർ 28 മുതൽ നവംബർ ഒന്നു വരെ യാത്രക്കാർക്ക് ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

