Begin typing your search...

ദുബൈയിൽ ഒമാൻ ബസ് അപകടത്തിൽപ്പെട്ട സംഭവം; ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം

ദുബൈയിൽ ഒമാൻ ബസ് അപകടത്തിൽപ്പെട്ട സംഭവം; ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിൽ മൂന്നര വർഷം മുമ്പുണ്ടായ ബസ്സപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവാവിന് അഞ്ച് മില്യൺ ദിർഹം ( ഏകദേശം പതിനൊന്നര കോടി രൂപ) നഷ്ടപരിഹാരവും കോടതി ചിലവും വിധിച്ച് ദുബായ് കോടതി. 2019 ജൂണിലാണ് ഒമാനിൽ നിന്നും പുറപ്പെട്ട ബസ്സ് ദുബൈ റാഷിദിയയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയും റാസൽ ഖൈമയിൽ ഇഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായിരുന്ന, മുഹമ്മദ് ബൈഗ് മിർസ എന്ന യുവാവിനാണ് ദുബൈ കോടതി അഞ്ച് മില്യൺ നഷ്ടപരിഹാരം വിധിച്ചത്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടണ്ട് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസിൽ എന്നിവരാണ് മുഹമ്മദ് ബൈഗ് മിർസക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.

പെരുന്നാൾ ആഘോഷത്തിനിടെ നിനച്ചിരിക്കാതെ എത്തിയ വാഹനാപകടം യു.എ.ഇ യിലെ വലിയ അപകടങ്ങളിലൊന്നായിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും റാഷിദിയ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന എൻട്രി പോയിൻറിലേക്കു വഴി മാറി അശ്രദ്ധമായി പ്രവേശിച്ചു ഹൈബാരിൽ ബസ്സിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ്സിൻറെ ഇടത് മുകൾഭാഗം പൂർണ്ണമായും തകർന്നു. 12 ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. നഷ്ടപരിഹാര തുകക്ക് അർഹനായ മുഹമ്മദ് ബൈഗ് മിർസക്ക് അപകടം നടക്കുമ്പോൾ 20 വയസ്സായിരുന്നു. റമദാൻ ഈദ് അവധിക്കാലം ഉമ്മയുടെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാൻ മസ്‌ക്കറ്റിലേക്ക് പോയി മടങ്ങിവരവേയാണ് മുഹമ്മദ് ബൈഗ് അപകടത്തിൽപ്പെട്ടത്. 2019 ജൂൺ 6-ന്, മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയുടെ അവസാന വർഷ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ദുബായിലേക്ക് മടങ്ങുകയായിരുന്നു. ജൂൺ 9 മുതലാണ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്, എന്നാൽ അപകടത്തെത്തുടർന്ന് യുവാവിന്റെ പഠനം നിലക്കുക മാത്രമല്ല സ്വാഭാവിക ജീവിതം തന്നെ താറുമാറായി .

അപകടത്തെ തുടർന്ന് രണ്ടര മാസത്തോളം ദുബൈ റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് ബൈഗ് 14 ദിവസത്തോളം അബോധവസ്ഥയിൽ തന്നെയായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷവും മസ്തിഷ്‌കത്തിന് 50 % സ്ഥിരവൈകല്യം നിലനിൽക്കുന്നത് കാരണം മുഹമ്മദ് ബൈഗ് മിർസയുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ദ ഡോക്ടർമാർ വിലയിരുത്തിയത്. മസ്തിക്ക ക്ഷതത്തിനു പുറമെ തലയോട്ടിക്കും ചെവിക്കും വായക്കും ശ്വാസകോശത്തിനും കൈകൾക്കും കാലുകൾക്കും സംഭവിച്ച ആഘാതങ്ങളും സ്ഥായിയാണെന്നു ഷാർജ കോടതിയിലെ ഫോറൻസിക് മെഡിക്കൽ വിദഗ്ദർ വിലയിരുത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ദുബൈ കോടതി അഞ്ച് മില്യൺ നഷ്ടപരിഹാരത്തുക ബസിന്റെ ഇൻഷുറൻസ് കമ്പനി നൽകുവാൻ വിധിയായത്.

അപകടത്തെ തുടർന്ന് ഒമാൻ സ്വദേശിയായ ഡ്രൈവർക്കു 7 വർഷം തടവും കൂടാതെ മരിച്ച 17 വ്യക്തികളുടെയും അനന്തരാവകാശികൾക്കു രണ്ടു ലക്ഷം വീതം ദിയാധനവും നല്കാൻ വിധി ലഭിച്ചിരുന്നു, ഏകദേശം ഒന്നര വർഷത്തിലധികം നീണ്ടുപോയ ട്രാഫിക് ക്രിമിനൽ കേസിൽ ഡ്രൈവറുടെ തടവ് ശിക്ഷ അപ്പീൽ കോടതി ഒരു വർഷമാക്കി ഇളവ് നൽകിയിരുന്നു. ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ് അൽ വർദയുടെ മേൽനോട്ടത്തിൽ യു എ ഇ അഡ്വക്കേറ്റ്മാരായ ഹസ്സൻ അശൂർ അൽ മുല്ല, അഡ്വക്കേറ്റ് ഫരീദ് അൽ ഹസ്സൻ എന്നിവരാണ് രണ്ടു വർഷത്തിലധികം ഇൻഷുറൻസ് അതോറിറ്റി മുതൽ സുപ്രീം കോർട്ട് വരെയുള്ള കോടതികളിൽ നടന്ന കേസുകൾക്കു വിവിധ ഘട്ടങ്ങളിൽ ഹാജരായത്. പ്രാരംഭ ഘട്ടത്തിൽ യു.എ.ഇ ഇൻഷുറൻസ് അതോറിറ്റി കോടതിയിൽ കേസ് പരിഗണിച്ചെങ്കിലും ഒരു മില്യൺ ദിർഹം മാത്രമാണ് നഷ്ടപരിഹാര സംഖ്യ ആയി വിധിച്ചത്. ഇതിനെതിരെ ഹർജിക്കാർ അപ്പീൽ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാര തുക 5 മില്യൺ ദിർഹമായി വർധിപ്പിച്ചു വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്തു ഇൻഷുറൻസ് കമ്പനി രണ്ടു തവണ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതി അപ്പീൽ കോടതിയുടെ വിധി ശരി വെക്കുകയാണ് ചെയ്തത്. യു.എ. ഇയുടെ ചരിത്രത്തിൽ ഒരിന്ത്യക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ വാഹന അപകട നഷ്ടപരിഹാര തുകയാണിത്.

Aishwarya
Next Story
Share it