44-ാമത് ഷാർജ പുസ്തകോത്സവത്തിൽ 20 രാജ്യങ്ങളിൽ നിന്ന് 80 അറബ് പ്രതിഭകൾ പങ്കെടുക്കും

സാഹിത്യത്തിന്റെയും ചിന്തയുടെയും ലോകോത്തര മേളയായ 44-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 5 മുതൽ 16 വരെ നടക്കും. ഈ വർഷം 20 രാജ്യങ്ങളിൽ നിന്നുള്ള 80 പ്രമുഖ അറബ് വ്യക്തിത്വങ്ങൾ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാനായി ഷാർജയിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
നോവൽ, കവിത, തത്ത്വചിന്ത, സിനിമ, പുരാവസ്തു ഗവേഷണം തുടങ്ങിയ മേഖലകളിൽ ലോകശ്രദ്ധ നേടിയവരാണ് അതിഥികളുടെ നിരയിൽ ഉള്ളത്. എക്‌സ്‌പോ സെന്റർ ഷാർജയിൽ നടക്കുന്ന 12 ദിവസത്തെ ഈ വിജ്ഞാന വിരുന്നിൽ 20ലേറെ എമിറാത്തി സാഹിത്യകാരന്മാരും ചിന്തകരും പങ്കെടുക്കും.

പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാർ, കവികൾ, വിവർത്തകർ, സിനിമാ പ്രവർത്തകർ, ഗവേഷകർ, അക്കാദമിക് പണ്ഡിതന്മാർ എന്നിവരെല്ലാം അതിഥിപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പലരുടെയും കൃതികൾ വിവിധ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവയാണ്.

പുരാവസ്തു ഗവേഷകരായ, ഈജിപ്‌റ്റോളജിയിൽ ലോകപ്രശസ്തനായ ഡോ. സാഹി ഹവാസ് (യൂനെസ്‌കോ അംബാസഡർ), പുസ്‌തകങ്ങളും പേറ്റന്റുകളും സ്വന്തമാക്കിയ സർജനും ഈജിപ്‌റ്റോളജിസ്റ്റുമായ ഡോ. വസീം അൽ സിസി, അറബ് ചരിത്രകാരന്മാരുടെ അസോസിയേഷൻ പ്രസിഡന്റും 170ലേറെ കൃതികളുടെ രചയിതാവുമായ ഇറാഖി ചരിത്രകാരൻ ഡോ. മുഹമ്മദ് ജാസിം അൽ മശ്ഹദാനി, സാഹിത്യ പ്രതിഭകളായ രാജ്യാന്തര പ്രശസ്തനും കുവൈത്തി നോവലിസ്റ്റുമായ താലിബ് അൽ റിഫായി, ഇന്റർനാഷനൽ പ്രൈസ് ഫോർ അറബിക് ഫിക്ഷൻ (ഐപിഎഎഫ്) ജേതാവായ തുനീസിയൻ അക്കാദമിക് വിദഗ്ധൻ ശുക്രി അൽ മബ്‌ഖൂത്, സയൻസ് ഫിക്ഷൻ, ഹൊറർ വിഭാഗങ്ങളിലെ കുവൈത്തി എഴുത്തുകാരൻ അബ്ദുൽവഹാബ് അൽ റിഫായി, ‘അമീർ അൽ ശുഅറാ’ (കവികളുടെ രാജകുമാരൻ) പട്ടം നേടിയ ആദ്യ അറബ് വനിത, ഒമാനി കവയിത്രി ആയിഷ അൽ സെയ്ഫി, ബാലസാഹിത്യത്തിലെ സംഭാവനകൾക്ക് ജോർദാൻ രാജാവിന്റെ ബഹുമതി നേടിയ ഹയ സാലിഹ്, ഏഴ് ഭാഷകളിൽ പ്രാവീണ്യവും 16 പുസ്തകങ്ങളും ഉള്ള ലെബനീസ് എഴുത്തുകാരി ജുമാന ഹദ്ദാദ് എന്നിവരാണ് പ്രധാന അതിഥികളിൽ ചിലർ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply