ദുബായ് : മൂന്നുവർഷത്തെ ദുബൈ ബജറ്റിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകാരം നൽകി. 2023-2025 വർഷത്തെ ബജറ്റിൽ 205 ബില്യൻ ദീർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ ബജറ്റിൽ 67.5 ശതകോടി ദിർഹം ചെലവും 69 ശതകോടി ദിർഹം വരുമാനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ബജറ്റിന് അംഗീകാരം നൽകിയത് അറിയിച്ചത്.
ബജറ്റ് എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഭാവി ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണുള്ളതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സമൂഹത്തെ സേവിക്കുകയും ദുബൈയെ ലോകത്തെ മുൻനിര സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നതാണ് ബജറ്റെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. പൗരന്മാരുടെ താൽപര്യങ്ങൾ സേവിക്കുന്നതിനും ബിസിനസ് മേഖലകളെ പിന്തുണക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും മികച്ച നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനും ദുബൈ സർക്കാർ ശ്രമം തുടരും. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമായി ദുബൈയെ മാറ്റാനാണ് തീരുമാനം -അദ്ദേഹം വ്യക്തമാക്കി.
പുതിയ ബജറ്റ് ചെലവ് കഴിഞ്ഞതിനേക്കാൾ കൂടുതലാണ്. മുൻ വർഷത്തിലെ മൊത്തം ചെലവ് 181 ശതകോടി ദിർഹമായിരുന്നു. റിയൽ എസ്റ്റേറ്റ്, ഏവിയേഷൻ, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യാപാരം തുടങ്ങിയ ദുബൈ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലകൾ കോവിഡ് മഹാമാരിക്കുശേഷം ശക്തമായി തിരിച്ചുവന്ന സാഹചര്യമാണുള്ളത്. ബജറ്റ് വിഹിതം 41 ശതമാനം സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൗകര്യം, ഗതാഗത മേഖല എന്നിവക്കാണ് ചെലവഴിക്കുക. സാമൂഹിക വികസനത്തിന് 34 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 20 ശതമാനവും സർക്കാർ മികവ്, സർഗാത്മകത, നവീകരണ മേഖല എന്നിവയിൽ അഞ്ച് ശതമാനവും ചെലവഴിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

