കത്തികാണിച്ച് ഭീഷണിപ്പെടുത്തി 3500 ദിർഹം കവർന്ന് യുവാക്കൾ ;ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി
ദുബായ് : ദുബായിൽ നൈഫ് പ്രദേശത്ത് ജോലിചെയ്യുന്ന യുവാവിനെ കത്തികാണിച്ച് ഭീഷപണിപ്പെടുത്തി പണം തട്ടിയ പ്രതികൾക്ക് ദുബായ് കോടതി ഒരുവർഷം ജയിൽ ശിക്ഷയും പിഴയും വിധിച്ചു.മോഷ്ടിച്ച പണം രണ്ടുപേരും പിഴയായി ഉടമക്ക് നൽകണം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഏഷ്യൻ യുവാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.നൈഫ് പ്രദേശത്തുകൂടി നടന്നു പോകുമ്പോൾ മൂന്നു വ്യക്തികൾ ഏഷ്യൻ യുവാവിനെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും ഇയാൾ എതിർത്തപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. 3500 ദിർഹം ഇവർ ഇയാളിൽ നിന്നും കവർന്നു. പണം അപഹരിച്ചതിനു ശേഷം പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു എന്നാണ് ഇയാൾ പരാതി നൽകിയത്. പരാതിയെത്തുടർന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റ സമ്മതം നടത്തുകയായിരുന്നു.ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും.