ലോകോത്തര നിലവാരത്തിലേക്കുയരാൻ ലക്ഷ്യമിട്ട് ദുബായ് ഗതാഗത മേഖല, ഗതാഗത സമയം 20 മിനിറ്റിലേക്ക് ചുരുക്കും
ദുബായ് : ഗതാഗത മേഖലയിൽ ദിനം പ്രതി നവീകരണങ്ങൾ നടപ്പിലാക്കി യു എ ഇ.ദുബായുടെ രണ്ടാംഘട്ട അർബൻ വികസന പദ്ധതിയുടെ ഭാഗമായി ഗതാഗത മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് ആർ ടി എ ലക്ഷ്യമിടുന്നത്. തടസങ്ങളില്ലാത്തതും,നൂതനവുമായ ഗതാഗത സൗകര്യം, സുസ്ഥിരത, ആരോഗ്യം, സുരക്ഷ, ഉപഭോക്ത്യ സംതൃപ്തി, ഫ്യൂച്ചർ പ്രൂഫ് ഓർഗനൈസേഷൻ എന്നിങ്ങനെ ആറ് പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി.
ദുബായ്ക്കുള്ളിൽ എവിടെയും 20 മിനിറ്റുകൊണ്ട് എത്താൻ സാധിക്കുമെന്ന ആശയത്തെ അടിസ്ഥാനമാക്കി റോഡുകളും ഗതാഗത സംവിധാനങ്ങളും സ്മാർട്ട് സേവനങ്ങളും വികസിപ്പിക്കുകയാണ് മൊബിലിറ്റിയിലൂടെ ഉന്നമിടുന്നത്. 2050 നെറ്റ് സീറോ പദ്ധതിയുടെ ഭാഗമായി സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സ്ഥിരത കൈവരിക്കുന്നതിലൂടെ ആഗോളതലത്തിൽ ദുബായിയുടെ സ്ഥാനമുയർത്താനായി ആർ.ടി.എ. പരിശ്രമിക്കും.സമൂഹത്തിന് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയുടെ മൂന്നാമത്തെ ലക്ഷ്യം. സംയോജിതവും വിലപ്പെട്ടതുമായ സേവനങ്ങളിലൂടെ ഉപഭോക്ത്യസംതൃപ്തി വർധിപ്പിക്കാൻ ആർ.ടി.എ. കാര്യക്ഷമമായ ഇടപെടലുകൾ നടത്തും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സാങ്കേതിക മികവ് വർധിപ്പിക്കാനുള്ള പ്രവർത്തങ്ങൾക്കും മുൻഗണനനൽകും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി യു.എസ്.എ., സിങ്കപ്പൂർ, ഹോങ് കോങ്, ജർമനി എന്നീ രാജ്യങ്ങളിലെ ഗതാഗത സമ്പ്രദായങ്ങൾ സുപ്രീം കമ്മിറ്റി അവലോകനം ചെയ്തിട്ടുണ്ടെന്നും ആർ.ടി.എ. അറിയിച്ചു. ദുബായ് അർബൻ പ്ലാൻ 2040, ദുബായ് പ്ലാൻ 2030, വി ദ യു.എ.ഇ. എന്നീ പ്രധാന പദ്ധതികളുമായി യോജിച്ചായിരിക്കും പുതിയ പദ്ധതിയും നടപ്പാക്കുക.ദുബായ് ഭരണാധികാരികളുടെ കാഴ്ച്ചപ്പാടുകൾക്കനുസൃതമായി, എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണച്ചുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകിയാണ് പദ്ധതികൾ വിപുലീകരിക്കുന്നത്.