നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി 1 മുതൽ
യു എ ഇ : യുഎഇയിൽ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന ഈ പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധം. ജോലിയില്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുകയാണു ലക്ഷ്യമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ മറ്റൊരു ജോലി കണ്ടെത്താം. ഇതുസംബന്ധിച്ച് 9 ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം കരാർ ഒപ്പിട്ടു. ജോലി നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരത്തിന് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. 2 ആഴ്ചയ്ക്കകം നഷ്ടപരിഹാരം ലഭിക്കും. തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം. അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.
* പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടയ്ക്കേണ്ടത്.
* ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം.
* ആദ്യ പദ്ധതിയിൽ ചേർന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മാസത്തിൽ 10,000 ദിർഹത്തിൽ കൂടാത്ത തുകയും, രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളവർക്കു 20,000 ദിർഹത്തിൽ കൂടാത്ത തുകയും ലഭിക്കും.
* ഒരേസമയം പരമാവധി 3 മാസത്തേക്കാണ് ആനുകൂല്യം. അടിസ്ഥാന ശമ്പളത്തിന്റെ 60% ആയിരിക്കും ലഭിക്കുക.
* ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പദ്ധതിയിൽ ചേരാം.