ദുബായിൽ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ
ദുബായ് : ഇന്ത്യൻ വ്യവസായിയെയും ഭാര്യയെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. 2020 ലാണ് ഇന്ത്യൻ ദമ്പതികളെ പ്രതി നിരവധി തവണ കുത്തി കൊലപ്പെടുത്തിയത്. വധശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവച്ചു. ദമ്പതികളുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും, 2000 ദിർഹം മോഷ്ടിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സംഭവത്തിന് മാസങ്ങൾക്ക് മുൻപ് പ്രതി വ്യവസായിയുടെ വില്ലയിൽ ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.
വ്യവസായിയും ഭാര്യയും താമസിക്കുന്ന ദുബായിലെ വില്ലയിലെത്തിയ പ്രതി താഴത്തെ നിലയിലെ നിന്ന് 1,965 ദിർഹം മോഷ്ടിച്ചു. കൂടുതൽ മോഷണത്തിനായി ഇയാൾ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് പോയി. ഉറങ്ങുകയായിരുന്ന വ്യവസായി ശബ്ദം കേട്ട് ഉണർന്ന ഉടനെ പ്രതി കട്ടിലിൽ വച്ച് നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.വ്യവസായിയുടെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലുമായി 10 തവണ കുത്തേറ്റു. ഭാര്യയുടെ തല, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായി 14 തവണ കുത്തേറ്റിരുന്നു.കിടപ്പുമുറിയുടെ പുറത്തു കടന്ന ഇയാൾ ദമ്പതികളുടെ മകളുടെ കഴുത്തിൽ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. പരുക്കേറ്റ മകൾ പൊലീസിനെയും പിതാവിന്റെ സുഹൃത്തിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.കുറ്റം സമ്മതിച്ച പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അപ്പീൽ കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.ശേഷം ഇയാളെ നാടുകടത്തും.