കളഞ്ഞുകിട്ടിയ ബാഗിലെ പണം മോഷ്ടിച്ച രണ്ട് അറബ് യുവതികൾ ദുബായിൽ അറസ്റ്റിൽ
ദുബായ് : കളഞ്ഞുകിട്ടിയ ബാഗിലെ പണം മോഷ്ടിച്ചതിന് രണ്ട് അറബ് യുവതികൾ ദുബായിൽ അറസ്റ്റിലായി. യുവതികൾക്ക് 3000 ദിർഹം വീതം കോടതി പിഴ വിധിച്ചു.പാർക്കിങ്ങിൽ കിടക്കുകയായിരുന്ന കാറിൽ നിന്നും താഴെ വീണ 12000 ദിർഹവും രേഖകളുമടങ്ങിയ ബാഗ് പ്രതികൾ പോലീസിൽ ഏൽപ്പിക്കാതെ സ്വന്തമാക്കുകയായിരുന്നു.ബാഗിലെ പണം ഇരുവരും പങ്കിട്ടെടുത്തു. കാറിൽ സുഹൃത്തിനെ കാത്ത് കിടക്കുകയായിരുന്ന ഉടമസ്ഥന്റെ ബാഗ് ഇയാൾ തൊട്ടരികിലെ സീറ്റിൽ സൂക്ഷിക്കുകയായിരുന്നു.
എന്നാൽ സുഹൃത്ത് കാറിൽ കയറാൻ നേരം ഡോർ തുറന്നപ്പോൾ ഇത് താഴെ വീഴുകയായിരുന്നു. ബാഗ് നഷ്ടപ്പെട്ടതറിയാതെ ഇയാൾ യാത്ര തുടരുകയായിരുന്നു. കുറച്ച് ദൂരം സഞ്ചരിച്ച ഇയാൾ ബാഗ് നഷ്ടപ്പെട്ട വിവരം മനസിലാക്കി അതെ പാർക്കിങ്ങിലേക്ക് തിരിച്ചു വന്ന് വാച്ച്മാനോട് അന്വേഷണം നടത്തി. തുടർന്ന് ഇരുവരും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് രണ്ട് യുവതികൾ ഇയാളുടെ ബാഗ് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് നൽകിയ പരാതിയിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. ബാഗ് താഴെ വീഴുന്നത് കണ്ട യുവതികൾ ഇത് അറിയിക്കാതെ ബാഗിലെ പണം കൈവശപ്പെടുത്തുകയായിരുന്നുവെന്നും പോലീസിൽ ബാഗ് ഏൽപ്പിക്കാനും ഇവർ ശ്രമിച്ചില്ലയെന്നും ദെയ്‌റയിലെ ഫസ്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇസ ജുമാ അൽ മുഹൈരി കോടതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിചിരുന്നു