ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമാറാത്തി ബഹിരാകാശ യാത്രികനെ അയക്കുന്നതിന് വഴിതുറക്കുന്ന തന്ത്രപരമായ സഹകരണ കരാറിൽ ഒപ്പുവെച്ച് യു.എ.ഇ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും യൂറോപ്യൻ എയ്റോസ്പേസ് കമ്പനിയായ തേൽസ് അലീനിയ സ്പേസും തമ്മിലാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്.
ബഹിരാകാശ, ചാന്ദ്ര പര്യവേക്ഷണ രംഗത്തെ പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന് ആവശ്യമായ എയർലോക്ക് നിർമിക്കുന്നതിനാണ് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ഇറ്റാലിയൻ-ഫ്രഞ്ച് കമ്പനിയായ തേൽസ് അലീനിയ സ്പേസും തമ്മിൽ കരാറിലെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നാസയുടെ പദ്ധതിയിൽ ഭാഗമാകുമെന്ന് കഴിഞ്ഞ വർഷം അധികൃതർ വെളിപ്പെടുത്തിയിരുന്നു. ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ പദ്ധതി ആദ്യമായി അറബ് ബഹിരാകാശ യാത്രികനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാൻ വഴിതുറക്കുന്നതാണ്.