സ്വകാര്യ കമ്പനിയിൽ സ്വദേശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജർക്ക് ദുബൈ കോടതി ലക്ഷം ദിർഹം പിഴ ചുമത്തി. രണ്ട് ഇമാറാത്തി വനിതകളെ താൽകാലികമായി നിയമിച്ച ശേഷം ഈ പെർമിറ്റുകൾ കാണിച്ച് സ്വദേശിവത്കരണനിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻറെ ആരോപണം. നാലുമാസമാണ് സ്വദേശിവനിതകൾ സ്ഥാപനത്തിൽ ജോലി ചെയ്തത്. സർക്കാറിന്റെ പ്രതിമാസ ആനുകൂല്യം 5,000 ദിർഹം നേടുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷൻ കണ്ടെത്തി.
കോടതിക്ക് കൈമാറിയ കേസിലാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. നിയമം ലംഘിച്ച മാനേജർ ഒരു ലക്ഷം ദിർഹം പിഴ അടക്കുകയും അനധികൃതമായി സർക്കാർ ആനുകൂല്യം കൈപ്പറ്റിയ ഇമാറാത്തി വനിതകൾ 20,000 ദിർഹം തിരികെ നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. അടുത്തിടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം നടത്തിയ പരിശോധനയിൽ 2022 മുതൽ 1077 കമ്പനികൾ സ്വദേശിവത്കരണത്തിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി.
ഈ കമ്പനികൾ നിയമിച്ച 1818 സ്വദേശികൾ നിയമലംഘനം നടത്തിയതായും പരിശോധനയിൽ വ്യക്തമായിരുന്നു. ടാർഗെറ്റ് കണ്ടെത്താത്ത കമ്പനികൾക്ക് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുന്നത്. കുറ്റകൃത്യത്തിൻറെ വ്യാപ്തി അനുസരിച്ച് ഈ കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. വ്യാജ സ്വദേശിവത്കരണം ശ്രദ്ധയിൽപെട്ടാൽ 600590000 നമ്പറിൽ അറിയിക്കണമെന്ന് മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അഭ്യർഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

