സിബിൽ സ്‌കോർ തത്സമയം അപ്‌ഡേറ്റ് ചെയ്യാൻ ആർ.ബി.ഐ നിർദ്ദേശം

വായ്പാ അപേക്ഷകർക്ക് ആശ്വാസകരമാകുന്ന ഒരു പുതിയ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) രംഗത്ത്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ ട്രാൻസ് യൂണിയൻ സിബിൽ, എക്‌സ്പീരിയൻ, സി.ആർ.ഐ.എഫ് ഹൈ മാർക്ക് തുടങ്ങിയവ തത്സമയം സിബിൽ സ്‌കോർ അപ്ഡേറ്റ് ചെയ്യണമെന്ന് ആർ.ബി.ഐ നിർദ്ദേശം നൽകി. നിലവിൽ അപ്ഡേഷനിൽ നേരിടുന്ന കാലതാമസം കാരണം വായ്പ ലഭിക്കുന്നതിൽ പലർക്കും തടസ്സങ്ങൾ നേരിട്ടിരുന്നു. പുതിയ സംവിധാനം വരുന്നതോടെ വാഹന വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവ തേടുന്നവർക്ക്, പ്രത്യേകിച്ച് ഒരു വായ്പ അവസാനിപ്പിച്ച് ഉടൻ പുതിയതിന് ശ്രമിക്കുന്നവർക്ക്, ഇത് വലിയ സഹായമാകും.

എങ്കിലും, ഈ മാറ്റം ക്രെഡിറ്റ് റേറ്റിംഗ് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചേക്കാം. തത്സമയ അപ്ഡേഷനായി അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നിക്ഷേപം ആവശ്യമായി വരും.അടുത്തിടെ സിബിൽ സ്‌കോറുമായി ബന്ധപ്പെട്ട് ആർ.ബി.ഐ കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു. മൊബൈൽ നമ്പറോ ഇമെയിലോ വഴി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ട് ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ പരിശോധിക്കുമ്പോൾ, ആ വിവരം എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ വഴി ഉപയോക്താവിനെ അറിയിക്കണമെന്ന് ജനുവരിയിൽ ആർ.ബി.ഐ സർക്കുലർ പുറത്തിറക്കിയിരുന്നു.

കൂടാതെ, ക്രെഡിറ്റ് സ്‌കോർ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിൽ കാലതാമസമുണ്ടായാൽ ഉപയോക്താവിന് നഷ്ടപരിഹാരം നൽകാനും ആർ.ബി.ഐ ഉത്തരവിൽ പറയുന്നു. ഓരോ ദിവസത്തെ കാലതാമസത്തിനും 100 രൂപ വീതം പരാതിക്കാരന് നൽകണം.ഒരു വ്യക്തിയുടെ സാമ്പത്തിക ഭാവിയുടെ നേർചിത്രമാണ് ക്രെഡിറ്റ് സ്‌കോർ. 300 മുതൽ 900 വരെയുള്ള ഈ മൂന്നക്ക സംഖ്യയിൽ 700-ന് മുകളിലുള്ള സ്‌കോറുകൾ മികച്ചതായി കണക്കാക്കപ്പെടുന്നു, ഇത് വായ്പ ലഭ്യത എളുപ്പമാക്കുന്നു.

Leave a Reply