വി.ഐ.പി ഡ്രൈവിങ് ടെസ്റ്റ് സംരംഭം അവതരിപ്പിച്ച് റാസൽഖൈമ പൊലീസ്. ലൈസൻസ് അപേക്ഷകർക്ക് ഇനി മുതൽ ഇൻറേണൽ-ഓൺ റോഡ് ഡ്രൈവിങ് ടെസ്റ്റുകൾ ആഡംബര വാഹനങ്ങളിൽ നടത്താം.
പബ്ലിക് റിസോഴ്‌സസ് അതോറിറ്റിയുമായി കൈകോർത്ത് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പാണ് വേറിട്ട സംരംഭം അവതരിപ്പിച്ചത്. ട്രാഫിക് ആൻഡ് ലൈസൻസിങ് കേന്ദ്രങ്ങളിലെ ഉപഭോക്തൃ സേവന നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് വകുപ്പ് ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ടെസ്റ്റിങ് നടപടികൾ 15 മിനിറ്റിൽ പൂർത്തീകരിക്കാൻ കഴിയുമെന്നതും അപേക്ഷകർ രണ്ട് ടെസ്റ്റുകളും വിജയിച്ചാൽ ഓൺ റോഡ് ടെസ്റ്റിനായി മറ്റൊരു അപ്പോയിമെൻറിന് ബുക്ക് ചെയ്യാതെ തന്നെ അവർക്ക് ഡ്രൈവിങ് ലൈസൻസ് ഉടനടി ലഭിക്കുമെന്നതും വി.ഐ.പി ഡ്രൈവിങ് ടെസ്റ്റ് സംരംഭത്തെ ശ്രദ്ധേയമാക്കുന്നു.
ഡ്രൈവിങ് ടെസ്റ്റ് നടപടികൾ ലഘൂകരിക്കുന്നതിനൊപ്പം അപേക്ഷകർക്ക് സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്ന സംരംഭം ആഭ്യന്തര മന്ത്രാലയത്തിൻറെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതും ഉപഭോക്തൃ സേവനത്തിനായുള്ള സ്റ്റാർ റേറ്റിങ് സംവിധാനവുമായി യോജിക്കുന്നതാണെന്നും ഡ്രൈവിങ് ലൈസൻസിങ് ബ്രാഞ്ച് ആക്ടിങ് ഡയറക്ടർ ക്യാപ്റ്റൻ അദ്‌നാൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. അതിവേഗ സേവന സംവിധാനം ആഡംബര അനുഭവം നൽകുന്നതും ഉപഭോക്തൃ പ്രതീക്ഷകൾക്ക് നിറം നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.