വിസ നടപടികൾ ലഘൂകരിക്കുന്നതിനായി ഏകീകരിച്ച പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബൈ ഭരണകൂടം. ബുധനാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘വർക്ക് ബണ്ട്ൽ’ എന്ന് പേരിട്ടിരിക്കുന്ന ഓൺലൈൻ പ്ലാൻറ് ഫോം പ്രഖ്യാപിച്ചതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതിയ റസിഡൻസി വിസ, വിസ പുതുക്കൽ, വർക്ക് പെർമിറ്റ്, ഫിറ്റ്‌നസ് ടെസ്റ്റ്, വിസ റദ്ദാക്കൽ, എമിറേറ്റ്‌സ് ഐ.ഡി, ഫിംഗർ പ്രിൻറ് സ്‌കാനിങ് തുടങ്ങിയ സേവനങ്ങൾക്കായെടുക്കുന്ന നടപടികളിലെ കാലതാമസം ഇതിലൂടെ ഒഴിവാകും. നേരത്തെ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയിരുന്ന വിസ സേവനങ്ങൾ പുതിയ പ്ലാറ്റ്‌ഫോമിലൂടെ അഞ്ചു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനാവും. വിസക്കായി സമർപ്പിച്ചിരുന്ന രേഖകളുടെ എണ്ണം 16ൽനിന്ന് അഞ്ചായി കുറയും.
സർവിസ് സെൻററുകളിലേക്ക് വിസ സേവനങ്ങൾക്കായി നടത്തിയിരുന്ന യാത്രയുടെ എണ്ണം ഏഴിൽനിന്ന് രണ്ടായി കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫിംഗർ പ്രിൻറ് സ്‌കാൻ ഒഴികെയുള്ള നടപടികളാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറുക. ദുബൈ പ്ലാറ്റ്‌ഫോമിൻറെ ഭാഗമായി നടപ്പിലാക്കുന്ന സംരംഭത്തിൻറെ ആദ്യഘട്ടമാണ് ദുബൈയിൽ നടപ്പിലാക്കുക. പിന്നീട് മറ്റ് എമിറേറ്റിലേക്ക് വ്യാപിപ്പിക്കും. 2,75000ത്തിലധികം കമ്പനികൾക്ക് ഇതിൻറെ ഗുണം ലഭിക്കും. പുതിയ പ്ലാറ്റ്‌ഫോം നടപ്പിലാക്കുക വഴി ദുബൈയിലെ ജോലി സമയം വലിയ തോതിൽ ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. റസിഡൻസി വിസക്കും വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി ചെലവഴിച്ചിരുന്ന 6.2 കോടി ജോലി സമയമാണ് പുതിയ സംവിധാനം വരുന്നതോടെ തിരിച്ചുപിടിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് എമിറേറ്റുകളിലുള്ള കമ്പനികൾക്ക് https://workinuae.ae എന്ന വെബ്‌സൈറ്റ് വഴി സേവനം ഉപയോഗപ്പെടുത്താം. ദുബൈ ഹെൽത്ത്, മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയം, ദുബൈ ഇക്കോണമി ആൻഡ് ടൂറിസം, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ജി.ഡി.ആർ.എഫ്.എ എന്നീ വകുപ്പുകളാണ് പുതിയ പ്ലാറ്റ്‌ഫോമിൽ സഹകരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

