ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനം നേടി യു.എ.ഇ. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയിലാണ് യു.എ.ഇ മികച്ച സ്ഥാനം നേടിയത്.
62ആം സ്ഥാനത്തുനിന്ന് 53 സ്ഥാനം മറികടന്നാണ് യു.എ.ഇ ഒമ്പതാമതെത്തിയത്. യു.എ.ഇയുടെ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 185ലെത്തിയതോടെയാണ് ആഗോള പട്ടികയിൽ യു.എ.ഇ ഒമ്പതാമതെത്തിയത്. 2006ൽ പുറത്തുവിട്ട സൂചികയിൽ യു.എ.ഇ പാസ്പോർട്ടുമായി വിസ ഫ്രീയായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 152 ആയിരുന്നു.
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകിയ രേഖകളിൽ നിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ നിർണയിക്കുന്നത്. ബിസിനസ്, ടൂറിസം രംഗത്ത് ആഗോള കേന്ദ്രമായി മാറാനുള്ള ഇമാറാത്തി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് പുതിയ നേട്ടമെന്ന് ഹെൻലി സി.ഇ.ഒ ഡോ. ജ്യൂർഗ് സ്റ്റീഫൻ പറഞ്ഞു.
സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്പോർട്ടുമായി വിസ ഫ്രീയായി യാത്ര ചെയ്യാനാവും. 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന പാസ്പോർട്ടുമായി ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

