ദുബായ് : ലോകത്താദ്യമായി ഡ്രൈവർലെസ്സ് വാഹനങ്ങൾക്ക് കേന്ദ്രമൊരുക്കി ദുബായ്. വ്യോമ മാർഗവും, കരമാർഗവും ഉപയോഗിക്കുന്ന ഡ്രൈവർലെസ്സ് വാഹനങ്ങൾക്കാണ് കേന്ദ്രമൊരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഈ കേന്ദ്രത്തിൽ സ്ഥാപനങ്ങൾക്ക് ഹെലികോപ്ടറും, ദുബായിയുടെ ഭാവി പദ്ധതിയായ പറക്കും കാറുകളും പരീക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും . കുത്തനെ പറന്നുയരാനും പറന്നിറങ്ങാനും സൗകര്യമൊരുക്കുന്ന വെർട്ടിപോർട്ടുകളായും ഈ കേന്ദ്രങ്ങൾ മാറും.
ഈ മേഖലയിലെ വിദഗ്ധരായ വി പോർട്ടിനാണ് പദ്ധതിയുടെ നടത്തിപ്പ്. മൂന്നുവർഷംകൊണ്ട് 40 ദശലക്ഷം ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുക. 1500 ഉയർന്ന ജോലികൾ ഇതുവഴി ലഭിക്കും. വ്യാവസായിക മേഖലകളിലായിരിക്കും വെർട്ടിപോർട്ടുകൾ സ്ഥാപിക്കുക. ഓരോ എമിറേറ്റുകളുമായും സഹകരിച്ച് കൂടുതൽ വെർട്ടിപോർട്ടുകൾ നിർമിക്കാനും ശ്രമം നടത്തും.2030ഓടെ ഈ നെറ്റ്വർക്ക് യു.എ.ഇയിലെ എല്ലാ പ്രധാന വ്യവസായ മേഖലകളിലേക്കും വ്യാപിപ്പിക്കും. സുസ്ഥിരതക്ക് പ്രാമുഖ്യം നൽകിയായിരിക്കും പ്രവർത്തനം. യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും മുഹമ്മദ് ബിൻ റാശിദ് എയറോസ്പേസ് ഹബിന്റെയും പങ്കാളിത്തത്തോടെയാണ് കേന്ദ്രം നിർമിക്കുന്നത്.
2024ഓടെ പ്രവർത്തനം തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് എം.ബി.ആർ.എ.എച്ചുമായി കരാർ ഒപ്പുവെച്ചു. 25 വർഷത്തേക്കാണ് കരാർ.37,000 ചതുരശ്ര മീറ്ററിലാണ് കേന്ദ്രം ഒരുക്കുന്നത്. 25 വർഷത്തിനിടക്ക് 700 കോടി ഡോളർ നേരിട്ടുള്ള വരുമാനമായി ഇതുവഴി ദുബൈക്കും അബൂദബിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 2045ഓടെ ലോകത്താകമാനം 1500 വെർട്ടിപോർട്ടുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വി പോർട്ട് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. ഫെതി ചെബിൽ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

