ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഭിമുഖ്യത്തിലുള്ള -2024ലെ മാനുഷിക പ്രവർത്തനത്തിനുള്ള വതാനി അൽ ഇമാറാത്ത് അവാർഡ് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിക്ക് സമ്മാനിച്ചു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബൈ എമിഗ്രേഷൻ) ഡയറക്ടർ ജനറലായ അൽ മർ റിക്ക് “അസാധാരണമായ കാൽപ്പാട്” എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ദേശീയ-മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും സമൂഹത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്കും അൽ മർറിയെ അവാർഡ് ദാന ചടങ്ങിൽ അഭിനന്ദിച്ചു. ഷെയ്ഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്
2024ലെ സായിദ് ഹ്യൂമാനിറ്റേറിയൻ വർക്ക് ഡേയുടെ 11-ാമത് സെഷനോട് അനുബന്ധിച്ച് വതാനി അൽ ഇമാറാത്ത് ഫൗണ്ടേഷൻ നൽകുന്ന ഈ പുരസ്‌കാരം ദേശീയ അഭിമാനം, സാംസ്കാരിക പൈതൃകം, മാനുഷിക ധാർമ്മികത എന്നിവയിൽ വേരൂന്നിയ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയാണ് ആദരിച്ചത്. ആതിഥ്യമര്യാദയുടെ എമിറാത്തി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ആവശ്യമുള്ളവരെ സഹായിക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവാർഡ് ലഭിച്ചതിൽ നന്ദി പറഞ്ഞ അൽ മർറി രാജ്യത്തിൻ്റെ സ്വത്വം രൂപപ്പെടുത്തുന്നതിൽ എമിറാത്തി മൂല്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. എമിറാത്തി നേതൃത്വം ഈ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും തനിക്ക് നൽകുന്ന നിരന്തര പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
അൽ മർറിയുടെ വതാനി അൽ ഇമാറാത്ത് അവാർഡ് വ്യക്തിപരമായ നേട്ടത്തിനപ്പുറം എമിറേറ്റ്‌സിലും അവിടുത്തെ ജനങ്ങളിലും അദ്ദേഹം ചെലുത്തിയ ഗുണപരമായ സ്വാധീനം എടുത്തുകാണിക്കുന്നു.ദുബായിലെ വിനോദസഞ്ചാരം, താമസം, നിക്ഷേപം എന്നീ മേഖലകളിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലക്ക് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമായിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

