റാസ് അൽ ഖൈമയിലെ ‘പ്രേതഭവനം’ വിൽപനക്ക്അൽ ഖാസിമി കൊട്ടാരത്തിന് 2.5 കോടി ദിർഹം വില

പ്രേതകഥകളാൽ പ്രസിദ്ധമായി ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന അൽ ഖാസിമി കൊട്ടാരം 2.5 കോടി ദിർഹത്തിന് വിൽപനക്ക് വെച്ചു. റാസ് അൽ ഖൈമയിൽ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമി 1985-ൽ നിർമിച്ച ഈ നാല് നില കൊട്ടാരത്തിന് 20,000 ചതുരശ്ര മീറ്റർ വിസ്തീർണവും 35 മുറികളുമുണ്ട്. ഇസ്്ലാമിക്, മൊറോക്കൻ, പേർഷ്യൻ, ഇന്ത്യൻ വാസ്തുവിദ്യാ ശൈലികൾ സമന്വയിപ്പിച്ചാണ് കൊട്ടാരം നിർമിച്ചിട്ടുള്ളത്.
30 വർഷത്തിലേറെയായി നിശബ്ദമായി ഒരു കുന്നിൻ മുകളിൽ തലയുയർത്തി നിൽക്കുന്ന ഈ കൊട്ടാരം ഭയവും ആകാംഷയും ഉണർത്തുന്ന ഒന്നാണ്.
ജിന്നുകൾ, മിന്നിമറയുന്ന വിളക്കുകൾ, പ്രേത രൂപങ്ങൾ എന്നിവയെക്കുറിച്ച് നാട്ടുകാർക്കിടയിൽ കഥകൾ പ്രചരിച്ചതോടെ ഇതിന് “പ്രേതങ്ങളുടെ കൊട്ടാരം’ എന്ന പേര് കിട്ടി. ശൈഖ് ഒരിക്കൽ പോലും ഇവിടെ താമസിച്ചിട്ടില്ല. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങൾ ചിത്രീകരിക്കുന്ന ശിൽപങ്ങളെക്കുറിച്ചുള്ള കുടുംബത്തിന്റെ എതിർപ്പാണ് ഇത് ഒഴിഞ്ഞു കിടക്കാൻ കാരണമായത്. കാലക്രമേണ, പ്രേതബാധയുടെ കിംവദന്തികൾ ശക്തമായി പ്രചരിക്കാൻ തുടങ്ങി.
റാസ് അൽ ഖൈമയിലെ അൽ ദൈത് പ്രദേശത്തെ മണൽക്കുന്നിന്റെ മുകളിലാണ് “അൽ ഖസ്ർ അൽ ഗാമിദ്’ (ദുരൂഹമായ കൊട്ടാരം) എന്നറിയപ്പെടുന്ന ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിർമാണ ചെലവ് 50 കോടി ദിർഹത്തിലധികം വരുമെന്നാണ് കണക്കാക്കുന്നത്.
ഫ്രാൻസിൽ നിന്നും ബെൽജിയത്തിൽ നിന്നുമുള്ള ഷാന്റിലിയറുകൾ, തസ്സോസ് മാർബിൾ നിലകൾ, മേൽക്കൂരയിലെ ഗ്ലാസ് പിരമിഡ്, 12 രാശിചക്രങ്ങളെ ചിത്രീകരിക്കുന്ന മേൽത്തട്ട് എന്നിവ കൊട്ടാരത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. നിലവിലെ ഉടമ താരിഖ് അഹ്്മദ് അൽ ശർഹാൻ ആണ്. ഒരു ഇമാറാത്തിക്ക് മാത്രമേ കൊട്ടാരം വിൽക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. റാസ് അൽ ഖൈമയുടെ പ്രോപ്പർട്ടി നിയമങ്ങൾ അനുസരിച്ച്, കൊട്ടാരം ഒരു ഇമാറാത്തിയുടെ പേരിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. തന്റെ കയ്യിൽ ലഭിച്ച ശേഷം ഇത് പുനഃസ്ഥാപിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകിയെന്നും അൽ ശർഹാൻ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply