യു.എ.ഇയിൽ പ്രസവാവധി ദീർഘിപ്പിക്കണമെന്ന ശുപാർശ ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾ മുന്നോട്ടുവച്ചു. നിലവിൽ സർക്കാർ മേഖലയിൽ അനുവദിച്ചിരിക്കുന്ന 45 ദിവസത്തെ പ്രസവാവധി 98 ദിവസമായി ഉയർത്തണമെന്നാണ് ശുപാർശ.
യു.എ.ഇ കുടുംബകാര്യ മന്ത്രി സന ബിന്റ് മുഹമ്മദ് സുഹൈൽ പങ്കെടുത്ത യോഗത്തിലായിരുന്നു അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്. പ്രസവാവധി ദീർഘിപ്പിക്കുന്നതിലൂടെ പ്രസവാനുകൂല്യങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് യു.എ.ഇക്ക് ഉയരാൻ കഴിയുമെന്നും ഇത് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനും കുടുംബസ്ഥിരതയ്ക്കും ഗുണകരമാകുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ ഗാർഹിക പീഡന നിയമങ്ങളിലും മാറ്റങ്ങൾ ആവശ്യമാണെന്ന് യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഗാർഹിക പീഡനം ഫലപ്രദമായി തടയാൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും, ഇതിനെതിരായ ബോധവത്കരണവും പ്രചാരണ പ്രവർത്തനങ്ങളും ശക്തമാക്കുന്നത് അനിവാര്യമാണെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

