യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ അല്‍പം കുറവുള്ളത്.

സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്‌റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് അനുസരിച്ച് ഇന്നും നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥ അസ്ഥിരമായിരിക്കും. ചിലയിടത്ത് മിന്നലോടും ഇടിയോടും കൂടി മഴ പ്രതീക്ഷിക്കാം. ഇന്ന് രാത്രി വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

യുഎഇയിലെ സർക്കാർ- സ്വകര്യ മേഖലാ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. കാലാവസ്ഥ മാറ്റം മൂലമാണിതെന്ന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആകാമെന്ന് ദുബായ് കെ എച്ച് ഡി എയും അറിയിച്ചിട്ടുണ്ട്. എല്ലാ ഫെഡറൽ ഗവണ്‍മെൻറ് ജീവനക്കാര്‍ക്കും ഫെബ്രുവരി 12 റിമോട്ട് വര്‍ക്കിങ് ദിനം ആയിരിക്കുമെന്ന് യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധമായും ജോലിസ്ഥലത്ത് ഉണ്ടാവേണ്ട ചില തൊഴിലുകളെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിങ്കളാഴ്ച വിദൂര ജോലി അനുവദിച്ചിട്ടുണ്ട്.

അതേസമയം ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply