മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ (എം.ബി.ആർ.എസ്.സി) പുതിയ ദൗത്യങ്ങളും പദ്ധതികളും വിലയിരുത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഞായറാഴ്ച എം.ബി.ആർ.എസ്.സിയിൽ ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് പുതിയ പര്യവേക്ഷണ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. വരുന്ന ഒക്ടോബറിൽ വിക്ഷേപണത്തിന് തയാറെടുക്കുന്ന യു.എ.ഇ ഉപഗ്രഹ പ്രോഗ്രാമുകളുടെ കീഴിൽ വികസിപ്പിച്ച എം.ബി.ഇസെഡ്-സാറ്റ്, ഹയർ കോളജ് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾ എം.ബി.ആർ.എസ്.സിയിലെ എൻജീനിയർമാരുടെ വിദഗ്ധ മാർഗനിർദേശങ്ങൾക്ക് കീഴിൽ വികസിപ്പിച്ച ഭൂമി നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്.എസ്.ടി 1ന്റെ വികസനം, നാസയുമായി ചേർന്ന് നടത്തുന്ന എയർലോക് പദ്ധതി, ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ റാശിദ് റോവർ-2 എന്നിവയുടെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.
ലൂണാർ സ്പേസ് സ്റ്റേഷനിലേക്കുള്ള ഗേറ്റ്വേ എന്ന നിലയിലാണ് യു.എ.ഇ എയർലോക് മെഡ്യൂൾ വികസിപ്പിക്കുന്നത്. രാജ്യത്തിന്റെ അഭിമാനകരമായ പദ്ധതികളിൽ ഒന്നാണിത്.
അതേസമയം, ബഹിരാകാശ ഗവേഷണ രംഗത്ത് തദ്ദേശീയ ദൗത്യങ്ങളിലും പദ്ധതികളിലും എം.ബി.ആർ.എസ്.സിയുടെ നേതൃപരമായ പങ്ക് അഭിമാനാർഹമാണെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. അതോടൊപ്പം, രാജ്യത്തിന്റെ ദേശീയ ബഹിരാകാശ പ്രോഗ്രാമുകളെ ശക്തിപ്പെടുത്തുന്നതിനും ആഗോള ബഹിരാകാശ ഗവേഷണ ദൗത്യങ്ങളിൽ രാജ്യത്തിന്റെ സംഭാവനകളെ പിന്തുണക്കുന്നതിനും സാങ്കേതിക രംഗത്തെ കഴിവുകളെ വികസിപ്പിക്കുന്നതിൽ സുപ്രധാനമായ പങ്കാളിത്തമാണ് എം.ബി.ആർ.എസ്.സി നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

