യു.എ.ഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയടക്കം രണ്ടുപേർ കൂടി പഠനവും പരിശീലനവും പൂർത്തിയാക്കുന്നു. യു.എസിലെ ഹൂസ്റ്റണിൽ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്ന നൂറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുഅല്ലയുമാണ് ബിരുദം പൂർത്തിയാക്കി മാർച്ച് അഞ്ചിന് പുറത്തിറങ്ങുന്നത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇയുടെ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇരുവരും നാസ അസ്ട്രോണറ്റ് ക്ലാസ് ടെയ്നിങ് പ്രോഗ്രാം-2021ൽ പരിശീലനം ആരംഭിച്ചവരാണ്.
2022 ജനുവരിയിൽ ആരംഭിച്ച പരിശീലനം രണ്ടുവർഷത്തിലേറെ സമയമെടുത്താണ് പൂർത്തിയാകുന്നത്. വിവിധതരം ബഹിരാകാശ ദൗത്യങ്ങൾക്ക് സജ്ജമാക്കുന്ന രൂപത്തിൽ വ്യത്യസ്ത പരിശീലനങ്ങളാണ് ഇവർ പൂർത്തീകരിച്ചിട്ടുള്ളത്. ബഹിരാകാശ നടത്തം, റോബോട്ടിക്സ്, സ്പേസ് സ്റ്റേഷൻ സിംസ്റ്റംസ്, റഷ്യൻ ഭാഷ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. 10ബഹിരാകാള യാത്രികരാണ് ഇവരുടെ ബാച്ചിലുണ്ടായിരുന്നത്. കോഴ്സ് പൂർത്തിയാകുന്നതോടെ ഇവർക്കെല്ലാം ‘അസ്ട്രോണറ്റ് പിൻ’ നൽകും. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് യോജിച്ചവരാണ് ഇവരെന്ന് സൂചിപ്പിക്കുന്നതാണ് ‘അസ്ട്രോണറ്റ് പിൻ’. അതോടൊപ്പം നിലവിലെ ദൗത്യങ്ങളിൽ പങ്കുവഹിക്കാനും ഇവർക്ക് സാധിക്കും.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം 2021ലാണ് രണ്ടാമത് യു.എ.ഇ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 4,305 അപേക്ഷകരിൽ നിന്ന് നിരവധി ഘട്ടങ്ങളിലായി നടന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള വിലയിരുത്തലുകൾക്കും മറ്റും ശേഷമാണ് രണ്ടുപേരെ തെരഞ്ഞെടുത്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

